പ്രഖ്യാപനങ്ങള്‍ വെറുംവാക്കായി; കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ധനസഹായ വിതരണം പാതി വഴിയില്‍

By Web TeamFirst Published Aug 7, 2021, 8:46 AM IST
Highlights

കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനം വെറുവാക്കില്‍ ഒതുങ്ങി. അപകടത്തില്‍ കാര്യമായി പരിക്കറ്റ 115 യാത്രക്കാർക്കും ഇരു സർക്കാറുകളും ഇതുവരെ നയാപൈസ നല്‍കിയിട്ടില്ല.

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും പരിക്കേറ്റവരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പരിക്കേറ്റവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെ കിട്ടിയിട്ടില്ല. വിമാനക്കമ്പനി നല്‍കേണ്ട നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ദുരന്തത്തില്‍ കാര്യമായി പരിക്കേറ്റ 115 പേരാണ് ധനസഹായത്തിനായി കാത്തിരിപ്പ് തുടരുന്നത്.

കരിപ്പൂർ വിമാനപകടത്തിന്‍റെ ഇരകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായവും, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ നഷ്ടപരിഹാര തുകയുമാണ് ലഭിക്കേണ്ടത്. ഇതില്‍ കേരള സർക്കാർ മാത്രമാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപവീതം ധനസഹായം നല്‍കിയത്. കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനം വെറുവാക്കില്‍ ഒതുങ്ങി. അപകടത്തില്‍ കാര്യമായി പരിക്കറ്റ 115 യാത്രക്കാർക്കും ഇരു സർക്കാറുകളും ഇതുവരെ നയാപൈസ നല്‍കിയിട്ടില്ല.

വിമാനകമ്പനിയാണ് പരിക്കേറ്റവരുടെ ഇതുവരെയുള്ള ചികിത്സാചിലവുകളെല്ലാം വഹിച്ചത്. ഇടക്കാല നഷ്ടപരിഹാര തുകയായി മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും കാര്യമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും മറ്റ് യാത്രക്കാർക്ക് അന്‍പതിനായിരം രൂപയും എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തിര ധനസഹായമായി കൈമാറി. എന്നാല്‍ മരിച്ച 19 യാത്രക്കാരുടെ കുടുംബങ്ങൾക്കും പരിക്കറ്റവരില്‍ 50 പേർക്കും പൂർണമായ നഷ്ടപരിഹാര തുക നല്‍കുന്ന കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

തങ്ങൾകണക്കാക്കിയ നഷ്ടപരിഹാരതുക നല്‍കാനായി എല്ലാവർക്കും ഓഫർ ലെറ്റർ അയച്ചിട്ടുണ്ടെന്നും ഓഫർ സ്വീകരിച്ച 70 ശതമാനം യാത്രക്കാർക്കും നഷ്ടപരിഹാരമായി ഇതുവരെ ആകെ 65.5 കോടി രൂപ കൈമാറിയെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. എന്നാല്‍ മരിച്ചവരുടെ കുടുംബങ്ങളാരും ഇതുവരെ ഓഫർ സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിച്ചാല്‍ ഉടന്‍ പണം കൈമാറുമെന്നും കമ്പനി അധികൃതർ പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!