
തിരുവനന്തപുരം : എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ പോളിംങ് സ്റ്റേഷൻ മാത്രം.
അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏക പോളിംഗ് സ്‌റ്റേഷന്‍ കെപിസിസി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
ഈ മാസം 17 ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുളളത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണത്തില്‍ സ്ഥാനാർത്ഥികളായ ശശി തരൂരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും സജീവമാണ്. തരൂര്‍ മഹാരാഷ്ട്രയിലും, ഖാര്‍ഗെ ജമ്മുകശ്മീരിലുമാണ് ഇന്ന് പ്രചാരണം നടത്തുന്നത്. പിസിസികള്‍ ഖാര്‍ഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതില്‍ ശശി തരൂര് അതൃപ്തി പരസ്യമാക്കിയിരുന്നു. തരൂരിന്‍റെ പരാതിയില്‍ പരിഹാരമുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയുടെ പ്രതികരിച്ചതെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികക്കെതിരെ ശശി തരൂർ പരാതി നൽകി. തെരഞ്ഞെടുപ്പ് സമിതി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് പിസിസികള്‍ ഒന്നടങ്കം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പിന്നില്‍ അണി നിരക്കുന്നതില്‍ അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് അപൂര്‍ണ്ണ വോട്ടര്‍പട്ടികക്കെതിരെ തരൂരിന്‍റെ പരാതി. ഒന്‍പതിനായിരത്തിലധികം പേരുള്ള വോട്ടര്‍ പട്ടികയിൽ മൂവായിരത്തിലേറെ പേരുടെയും വിലാസമോ ഫോണ്‍ നമ്പറോ നല്‍കിയിട്ടില്ല. 14 പിസിസികള്‍ വോട്ടര്‍മാരുടെ പേര് മാത്രം നല്‍കിയാണ് പട്ടിക കൈമാറിയിരിക്കുന്നത്. വ്യക്തി വിവരങ്ങളില്ലാതെ എങ്ങനെ വോട്ട് തേടുമെന്നാണ് തരൂര്‍ ചോദിക്കുന്നത്. സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി പ്രചാരണം നടത്തുന്നതിനൊപ്പം യുവ വോട്ടര്‍മാരോടടക്കം ഫോണിലൂടെയും തരൂർ വോട്ട് തേടുന്നുണ്ട്.
പ്രചരണത്തിന് തടയിടാനുള്ള നീക്കമാണോയെന്നാണ് തരൂര്‍ ക്യാമ്പിന്‍റെ സംശയം. ചിത്രം പതിച്ച വോട്ടര്‍കാര്‍ഡ് നല്‍കുമെന്ന് സമിതി അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം പേര്‍ക്കും കിട്ടിയിരിക്കുന്ന കാര്‍ഡില്‍ പേര് മാത്രമാണുള്ളത്. വോട്ടര്‍കാര്‍ഡ് ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും തരൂര്‍ ക്യാമ്പ് പങ്കുവെയ്ക്കുന്നു. എന്നാല്‍ തരൂരിന്‍റെ പരാതിയില്‍ പ്രതികരണത്തിന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി തയ്യാറായില്ല.