ആരോപണങ്ങളിൽ പതറിയില്ല, വീഴ്ച്ചകളിൽ തളർന്നില്ല; 'മനസാക്ഷിയുടെ കോടതി' എന്ന വചനമായിരുന്നു ഉമ്മൻചാണ്ടിയുടെ ബൈബിൾ

Published : Jul 18, 2023, 12:01 PM ISTUpdated : Jul 18, 2023, 12:08 PM IST
ആരോപണങ്ങളിൽ പതറിയില്ല, വീഴ്ച്ചകളിൽ തളർന്നില്ല; 'മനസാക്ഷിയുടെ കോടതി' എന്ന വചനമായിരുന്നു ഉമ്മൻചാണ്ടിയുടെ ബൈബിൾ

Synopsis

പ്രായോഗിക രാഷ്ട്രീയത്തിൻറെ സമാനതകളില്ലാത്ത വ്യക്തിത്വം, സർക്കാർ മുറകളുടെ എല്ലാ മാമൂലുകളും ഭേദിച്ചാണ് ഉമ്മൻചാണ്ടി ജനങ്ങളിലേക്കിറങ്ങിയത്. തുറന്നിട്ട വാതിലായും തുറന്നുവച്ച പുസ്തകമായും നോക്കിക്കാണാവുന്നൊരു ജന്മം. അധികാരക്കസേരയിലെ മനുഷ്യത്വത്തിൻറെ മുഖമായി ഉമ്മൻചാണ്ടി അടയാളപ്പെട്ടത് ഭരണരംഗത്തെ കരുതലും സാന്ത്വനവുംകൊണ്ടാണ്.

തിരുവനന്തപുരം: വിശ്രമിച്ചാൽ ക്ഷീണിക്കുന്നൊരാൾ എന്ന അനിതര സാധാരണമായ വിശേഷണത്തിൻറെ ഉടമയായിരുന്നു ഉമ്മൻചാണ്ടി. കരുതലും വികസനവും ഭരണമുദ്രയും അതിവേഗം ബഹുദൂരമെന്നത് രാഷ്ട്രീയ മുദ്രാവാക്യവുമാക്കിയ നേതാവ്. പാർട്ടിനേതാവും പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് നേതാവുമായിരുന്ന ഉമ്മൻചാണ്ടി കൊണ്ടും കൊടുത്തുമാണ് കേരളരാഷ്ട്രീയത്തിൽ പടർന്നു പന്തലിച്ചത്. 

ആൾക്കൂട്ടത്തെ ആഘോഷമാക്കിയൊരു ആയുസിൻറെ പേരാണ് ഉമ്മൻചാണ്ടി. ഒരോ ദിനവും തുടങ്ങിയത് ഒരു ജാഥ പോലെയാണ്. പാതിരാത്രിയിൽ അത് ചെന്നുനിന്നത് ഒരു പൊതുസമ്മേളനം കണക്കെ. പ്രായോഗിക രാഷ്ട്രീയത്തിൻറെ സമാനതകളില്ലാത്ത വ്യക്തിത്വം, സർക്കാർ മുറകളുടെ എല്ലാ മാമൂലുകളും ഭേദിച്ചാണ് ഉമ്മൻചാണ്ടി ജനങ്ങളിലേക്കിറങ്ങിയത്. തുറന്നിട്ട വാതിലായും തുറന്നുവച്ച പുസ്തകമായും നോക്കിക്കാണാവുന്നൊരു ജന്മം. അധികാരക്കസേരയിലെ മനുഷ്യത്വത്തിൻറെ മുഖമായി ഉമ്മൻചാണ്ടി അടയാളപ്പെട്ടത് ഭരണരംഗത്തെ കരുതലും സാന്ത്വനവുംകൊണ്ടാണ്.

പാറിപ്പറന്ന മുടിയും കീറിപ്പറഞ്ഞ കുപ്പായവും ഈ പുതുപ്പളളിക്കാരൻറെ രാഷ്ട്രീയ കാരിക്കേച്ചറാണ്. വിമോചന സമരകാലത്തെ ചോരപ്പാടിൽനിന്ന് തുടങ്ങുന്നതാണ് നീലക്കൊടിയേന്തിയ പോരാട്ടം. കേരള വിദ്യാർഥിയൂണിയൻറെ അമരത്തേക്കും യൂത്തുകോൺഗ്രസിൻറെ തലപ്പത്തേക്കും നടന്നുകയറിയ ഉമ്മൻചാണ്ടി ഇരുപത്തിയേഴ് തികയും മുമ്പാണ് പുതുപ്പള്ളിയുടെ എംഎൽഎയാകുന്നത്. എന്നും എ.കെ ആൻറണിയുടെ പിൻഗാമി. എ ഗ്രൂപ്പിൻറെ ഒസ്യത്തുപോലും ഉമ്മൻചാണ്ടിക്കായിരുന്നു.

പെരുന്നയിലേക്കും പുതുപ്പള്ളി പള്ളിയിലേക്കും ഉമ്മൻചാണ്ടിക്ക് ഒരേദൂരമായിരുന്നു. ലീഗിനോടും കേരളാകോൺഗ്രസിനോടും ഒരേ നയം. സഭാ സാമുദായിക തർക്കങ്ങളിൽ ശരിദൂരം. അങ്ങനെ എല്ലാവർക്കൊപ്പവും ഉമ്മൻചാണ്ടി നിലകൊണ്ടു. ഗ്രൂപ്പ് പോരാട്ടങ്ങളിൽ കണിശതയും മുന്നണി രാഷ്ട്രീയത്തിൽ മെയ്‍വഴക്കവും സോഷ്യൽ എഞ്ചിനീയറിങിലെ പൊടിക്കൈകളും ഉമ്മൻചാണ്ടിയെ അസാധ്യകാര്യങ്ങളുടെ രാഷ്ട്രീയ മധ്യസ്ഥനാക്കി മാറ്റി. 

ആൻറണി വയലാർ ഉമ്മൻചാണ്ടി എന്നത് ഒരു കാലഘട്ടത്തിൻറെ കോൺഗ്രസ് മുദ്രാവാക്യമാണ്. കരുണാകരനോട് പൊരുതി തഴമ്പിച്ചതാണ് ചരിത്രം. തിരുത്തൽവാദികൾ വരെ ലീഡറെ കുത്തിയവരേറെയുണ്ടെങ്കിലും രാഷ്ട്രീയമായി വീഴ്ത്തിയത് ഉമ്മൻചാണ്ടിയാണ്. ആൻറണിയേക്കാൾ വലിയ ആദർശക്കാരനായിരുന്നു ഉമ്മൻചാണ്ടിയെന്ന് ചരിത്രം ഓർമ്മപ്പെടുത്തും. രാജികൾക്ക് പഞ്ഞമില്ല, മാറിനിൽക്കലുകൾക്ക് കുറവുണ്ടായിരുന്നില്ല, ത്യാഗങ്ങൾക്കും വിട്ടുകൊടുക്കലിനും ഇടവും നൽകിയ നേതാവ്. ജനബന്ധംകൊണ്ട് ജനകീയ അടിത്തറയുണ്ടാക്കിയ ഉമ്മൻചാണ്ടി മരണംവരെ കോൺഗ്രസിൻറെ ക്രൗഡ് പുള്ളറായിരുന്നു.

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ഇല്ലാതാവുന്നത് കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാര; എംവി ഗോവിന്ദൻ

തുടർച്ചയായ വിജയങ്ങളും അസാധാരണമായ സാമാജിക വൈഭവവും ഉമ്മൻചാണ്ടിയെ കോൺഗ്രസിലെ സമാനതകളില്ലാത്ത നേതാവാക്കി. കേരളത്തിന്റെ വികസന തലയെടുപ്പുകളിൽ ശിലാരേഖയായ ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ ലക്ഷണമൊത്തൊരു ജനസേവകൻ ആയിരുന്നു. ആരോപണങ്ങളിൽ പതറാതെ, വീഴ്ചകളിൽ തളരാതെയായിരുന്നു രാഷ്ട്രീയം. മനസാക്ഷിയുടെ കോടതി എന്ന വിശ്വവിഖ്യാതമായ ആത്മവചനമായിരുന്നു ഉമ്മൻചാണ്ടിയുടെ ബൈബിൾ. നിരാലംബർക്ക് അവരുടെ സങ്കട ഹർജികളിൽ തീർപ്പ് കൽപ്പിച്ചൊരു ജനകീയ ജനാധിപത്യത്തിന്റെ കയ്യൊപ്പാണ് മായുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമാണ് കാണാന്‍ കഴിയൂ; ജെയ്ക് സി തോമസ്

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം
മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ