മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ  മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന്  ഇടത് യുവ നേതാവ് ജെയ്ക് 

പുതുപ്പള്ളി: മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഇടത് യുവ നേതാവ് ജെയ്ക് സി തോമസ്. യോജിപ്പിന്‍റേയും വിയോജിപ്പിന്‍റേയും തലങ്ങളുള്ളപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമാണ് കാണാന്‍ കഴിയുവെന്നും ജെയ്ക് അനുശോചന കുറിപ്പില്‍ വിശദമാക്കി.

ജെയ്ക് സി തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റ പൂര്‍ണരൂപം

സി.എം.എസ് കോളേജിൽ നിന്ന് മണർകാട് വഴി പുതുപ്പള്ളിയിലേക്ക് 13 km ദൂരം തികച്ചുണ്ടാവില്ല,പക്ഷെ ദൈർഘ്യമെത്രമേൽ ഉണ്ട് ഓർമകളുടെയും അനുഭവങ്ങളുടെയും. മനുഷ്യ സംബന്ധമായ യാതൊന്നും എനിക്ക് അന്യമല്ല എന്നെഴുതിയ മാർക്സിയൻ അനുഭവത്തിന്റെ കോൺഗ്രസ് മുഖമായിരുന്നു അങ്ങ്. അഞ്ച് പതിറ്റാണ്ട് കാലം നീണ്ട് നിന്ന ജന പ്രാതിനിധ്യത്തിന്റെ വിസ്മയകരമായ അനുഭവ സമ്പത്തിന്റെ ഉടമ.യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും തലങ്ങളുള്ളപ്പോഴും ഇത്രേമേൽ വിപുലമായ അനുഭവലോകത്തെ മനുഷ്യ സമുദായത്തിനാകെ ബഹുമാനത്തോടെ മാത്രമേ അഭിസംബോധന കഴിയൂ.പുതുപ്പള്ളി വഴി കേരള രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച അങ്ങേയ്ക്ക് ആദരവോടെ വിട ..!

അഞ്ച് പതിറ്റാണ്ടോളം പുതുപ്പള്ളിക്കാരുടെ ശബ്ദമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കോട്ടയ്ക്ക് ചെറിയ ഇളക്കം വന്നത് യുവ നേതാവ് ജെയ്ക് സി തോമസിന്‍റെ പ്രകടനത്തിലായിരുന്നു. 2021ല്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് ജെയ്ക് മണ്ഡലത്തില്‍ കാഴ്ച വച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ലീഡില്‍ വന്‍ ഇടിവ് വരുത്താനും ജെയ്കിന് സാധിച്ചിരുന്നു. 2016 ൽ 27092 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ 2021ല്‍ ഉമ്മൻചാണ്ടിയുടെ ലീഡ് 8504 വോട്ടായിരുന്നു.

ഇന്ന് പുലർച്ചെ നാലരയോടെയാണ് ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മരണം സ്ഥിരീകരിച്ചത്. ക്യാൻസർ ബാധിതന‌ായിരുന്നു. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു ചികിത്സ. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. 2004ലാണ് ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം