കെഎം ഷാജിക്കെതിരായ പ്രതികരണം നിര്‍ഭാഗ്യകരം; വിമര്‍ശനങ്ങളെ മുഖ്യമന്ത്രി സഹിഷ്ണുതയോടെ കാണണമെന്ന് ഉമ്മന്‍ ചാണ്ടി

By Web TeamFirst Published Apr 16, 2020, 7:03 PM IST
Highlights
സർക്കാരിന്റെ കൊവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ അതിനെ പോസിറ്റീവ് ആയി കാണാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കെഎം ഷാജി എം എല്‍ എയ്ക്കെതിരായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം നിര്‍ഭാഗ്യകരമായിപ്പോയെന്ന് മുന്‍ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

പ്രളയ ദുരിതാശ്വാസം അര്‍ഹരായവര്‍ക്ക് ലഭിച്ചില്ല എന്നതിലേയും കൃപേഷിന്റേയും, ശരത് ലാലിന്റെയും പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ചെലവാക്കിയതിലേയും ശരിയില്ലായ്മയാണ് ഷാജി ചൂണ്ടിക്കാണിച്ചത്. സർക്കാരിന്റെ കൊവിഡ് 19 പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ അതിനെ പോസിറ്റീവ് ആയി കാണാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പണം നല്‍കണമെന്ന അഭ്യര്‍ത്ഥനയെ പരിഹിസിച്ച കെഎം ഷാജിക്ക് മറുപടിയുമായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി രം​ഗത്തെത്തിയത്.

ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. അതാണ് പൊതുസമൂഹമെന്നും, അതാണ് നാട് എന്നും തെറ്റിദ്ധരിക്കരുത്. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നതും അതിന്‍റെ സാങ്കേതിക കാര്യങ്ങളറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുപോലൊരു നിലപാട് എന്തുകൊണ്ട് എംഎല്‍എ എടുത്തു എന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടി ആലോചിക്കണം. ചിലര്‍ എന്തെങ്കിലും ഒറ്റപ്പെട്ട 'ഗ്വാ ഗ്വാ' ശബ്ദം ഉണ്ടാക്കിയാല്‍ അതാണ് ഏറ്റവും വലിയ ശബ്ദം എന്ന് കരുതേണ്ടതില്ലെന്നും നമുക്ക് ഇതിനെയെല്ലാം ഒന്നിച്ച് നേരിടാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

Read Also: 'ചില വികൃത മനസുകളുണ്ട്; ലീഗ് എംഎല്‍എ കെഎം ഷാജിക്ക് മറുപടിയുമായി പിണറായി വിജയന്‍
click me!