ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് രണ്ട് കെയര്‍ ഹോമുകള്‍; 53.16 ലക്ഷം രൂപയുടെ അനുമതി

By Web TeamFirst Published Oct 22, 2020, 4:02 PM IST
Highlights

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് ഇവ തുടങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സംസ്ഥാനത്ത് രണ്ട് കെയർ ഹോമുകൾ തുടങ്ങാൻ സാമൂഹ്യനീതി വകുപ്പ് 53.16 ലക്ഷം രൂപ അനുവദിച്ചു. പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ള എന്‍ജിഒകള്‍ മുഖേന ആരംഭിക്കുന്നതിനും നടത്തിപ്പ് ചെലവുകള്‍ക്കുമായാണ് തുകയനുവദിച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന അല്ലെങ്കില്‍ വിഷമഘട്ടത്തില്‍ അകപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം ഒരുക്കുന്നതിനായാണ് ഇവ തുടങ്ങുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നേരത്തെ അഞ്ച് കെയര്‍ ഹോമുകള്‍ അനുവദിച്ചിരുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍വതോന്മുഖമായ പുരോഗതിയ്ക്കായി കെയര്‍ ഹോമുകളുടെ പ്രവര്‍ത്തനം പുനക്രമീരിക്കാനും തീരുമാനിച്ചു. കെയര്‍ ഹോമുകളുടെ നടത്തിപ്പിന് പ്രവര്‍ത്തന പരിചയവും വിശ്വാസ്യതയും ഹോമുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നതുമായ സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പ് വരുത്തുന്നതുമാണ്.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ച് സ്‌കില്‍ ഡെവലപ്‌മെന്റ്, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.

click me!