
ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡി' ൽ ജില്ലയിലെ രണ്ട് ക്ലാർക്കുമാർ കുടുങ്ങി. ആലപ്പുഴ, കുട്ടനാട് ഡി ഇ ഒ ഓഫീസുകളിലെ ക്ലാർക്കുമാർ ഓൺലൈനായി 2.17 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലെ കണ്ടെത്തൽ. ആലപ്പുഴ ഡി ഇ ഒ ഓഫീസിലെ ഒരു ക്ലാർക്കിൻ്റെ അക്കൗണ്ടിലേക്ക് 1,40,000 രൂപ ഗൂഗിൾ പേ വഴി ലഭിച്ചു. കുട്ടനാട് ഡി ഇ ഒ ഓഫീസിലെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് സെക്ഷൻ കൈകാര്യം ചെയ്യുന്ന ക്ലാർക്കിൻ്റെ അക്കൗണ്ടിലേക്ക് 77,500 രൂപ യു പി ഐ ഇടപാട് വഴി കിട്ടി. എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലെ രണ്ട് ക്ലാർക്കുമാരുടെ അക്കൗണ്ടിൽ നിന്നാണ് പണം ലഭിച്ചത്. പണം എന്തിനുവേണ്ടിയാണ് കൈമാറിയതെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക - അനധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, പുതിയ തസ്തിക സൃഷ്ടിക്കൽ, ഭിന്നശേഷി സംവരണപ്രകാരമുള്ള നിയമനവും ക്രമവത്കരിക്കലും, സർവീസ് സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് വിജിലൻസിന് ലഭിച്ചിരുന്നത്. ഫയലുകളിൽ ന്യൂനതകളുണ്ടെന്നും നടപടിയെടുക്കുന്നതിന് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാറുണ്ടെന്നും പറഞ്ഞാണ് പണമീടാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച ചില ഉദ്യോഗസ്ഥരെ ഇതിനായി 'സർവീസ് കൺസൾട്ടൻ്റുമാർ' എന്ന രീതിയിൽ സമീപിക്കാൻ ഉദ്യോഗാർഥികളോട് ചിലർ ആവശ്യപ്പെട്ടിരുന്നു. ഇടനിലക്കാരായ ഇവർ വഴി ഉദ്യോഗാർഥികളിൽനിന്നും അധ്യാപകരിൽനിന്നും പണം കൈപ്പറ്റി ഉദ്യോഗസ്ഥർക്ക് വീതിച്ചു നൽകുന്നതായാണ് വിജിലൻസിന് വിവരം ലഭിച്ചത്. സർവീസ് ആനുകൂല്യങ്ങൾ നൽകുന്നതിനും അനാവശ്യ കാലതാമസമുണ്ടാക്കിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
ചേർത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര ഡി ഇ ഒ ഓഫീസുകൾ, ആർ ഡി ഡി ഓഫീസ് ചെങ്ങന്നൂർ, അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് വി എച്ച് എസ് ഇ ചെങ്ങന്നൂർ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആലപ്പുഴ വിജിലൻസ് ഡി വൈ എസ് പി കെ വി ബെന്നി, ഐ ഒ പി മാരായ പ്രശാന്ത്‌കുമാർ, ജിംസ്റ്റൽ, ഷൈജു ഇബ്രാഹിം, സജു എസ് ദാസ്, മനു എസ് നായർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.