
മലപ്പുറം: ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന് തുടക്കം. മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 'തൂഫാൻ തദ്ദേശം' ഉദ്‌ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടം ഓരോ വാർഡിലേക്കും വ്യാപിപ്പിക്കലാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്. എല്ലാ വാർഡുകളിലും പ്രത്യേക തൂഫാൻ സമിതികൾ രൂപീകരിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം 30 ശതമാനം വരെ കുറക്കാൻ ഓപ്പറേഷൻ തൂഫാനിലൂടെ കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടു. രണ്ടാം ഘട്ടത്തിൽ വാർഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പുറമെ ക്യാമ്പസുകളിലേക്കും തൂഫാൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. തൂഫാൻ കെയറിലൂടെ ലഹരിക്കെണിയിൽ വീണവരെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മികച്ച ചികിത്സയും പുനരധിവാസവും ഉറപ്പുവരുത്തുന്നതായിരിക്കും തൂഫാൻ കെയർ എന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വിദ്യാലയങ്ങളിലും ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ക്യാമറ സ്ഥാപിക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാകും ക്യാമറകൾ സ്ഥാപിക്കുകയെന്നും ചെന്നിത്തല വിവരിച്ചു. എല്ലാവരും തൂഫാൻ വാരിയർ എന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ മന്ത്രി കെ എം ഷാജിയടക്കമുള്ളവർ 'തൂഫാൻ തദ്ദേശം' ഉദ്‌ഘാടന വേദിയിൽ സന്നിഹിതരായിരുന്നു. അതേസമയം തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിടുമ്പോൾ 11677 കേസുകളും 12584 അറസ്റ്റുമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam