
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിനിടെ നടപടികൾ വെട്ടി ചുരുക്കി നിയമസഭ പിരിഞ്ഞു. കേസിലെ പ്രതികൾ ഒന്നായി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അതിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പോറ്റി ചെന്ന ഇടങ്ങളിൽ അന്വേഷണം എത്തുമെന്ന ഭയമാണ് കോൺഗ്രസിനെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. സഭ തുടങ്ങുമ്പോൾ അതിനകത്തെന്നായിരുന്നു പ്രതിഷേധം പതിവെങ്കിൽ ഇന്ന് പ്രതിപക്ഷം പ്രതിഷേധ ശൈലി മാറ്റിപ്പിടിച്ചു. സ്വർണ്ണക്കൊള്ളയിൽ സർക്കാർ പങ്ക് ആരോപിക്കുന്ന പാരഡിപ്പാടും പ്രതിഷേധ ബാനറും ഫോട്ടോകളുമായി സഭാ കവാടത്തിൽ ചോദ്യോത്തരവേളക്ക് മുമ്പ് തന്നെ പ്രതിപക്ഷ നിര അണിനിരന്നു. പിന്നാലെ സത്യാഗ്രഹമിരുന്ന എംഎൽഎമാരെ കൂടെ കൂട്ടി സഭക്ക് അകത്തേക്ക് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി.
സ്വർണ്ണക്കൊള്ള കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമമെന്ന് പ്രതിപക്ഷ നേതാവും, പോറ്റി പോയിടത്തെല്ലാം അന്വേഷണം എത്തുമോ എന്ന ഭയമാണ് പ്രതിപക്ഷത്തിനെന്ന് ഭരണ നിരയും പരസ്പരം പോർവിളിച്ചു. ഭരണപക്ഷത്തിന് പരിഭ്രാന്തിയെന്ന് വി ഡി സതീശൻ ആരോപിച്ചു. അതേസമയം, പ്രതിപക്ഷത്തിന് സ്വർണക്കൊള്ള ചർച്ച ചെയ്യാൻ ഭയമെന്ന് മന്ത്രി എം ബി രാജേഷ് തിരിച്ചടിച്ചു. ചർച്ചക്ക് സർക്കാർ തയ്യാറായിട്ടും ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിപക്ഷം ചർച്ചക്ക് തയ്യാറാകുന്നില്ലെന്ന് സ്പീക്കര്‍ വിമര്‍ശിച്ചു.
പ്രതിഷേധത്തിനെ തുടര്‍ന്ന് നടപടികൾ പൂർത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. പതിവ് തെറ്റിച്ച് പ്രതിപക്ഷത്തേക്കാൾ വേഗത്തിൽ ഭരണപക്ഷം സഭയ്ക്ക് പുറത്തിറങ്ങി. ഇന്ന് കയ്യിൽ ആയുധമായി സോണിയാ-പോറ്റി ചിത്രവും ഭരണപക്ഷ നേതാക്കളുടെ കയ്യില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി-പോറ്റി ചിത്രമായിരുന്നു പ്രതിപക്ഷത്തിൻ്റെ കയ്യിൽ. സഭാ സമ്മേളനം ഇടക്കാലത്തേക്ക് പിരിഞ്ഞെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമുന്നണികൾക്കും ഇനിയും ആയുധം ശബരിമല തന്നെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam