സ്വർണക്കടത്ത് സഭയിൽ, കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പി ടി തോമസും, വാക്പോര് പുതിയ തലത്തിലേക്ക്

By Web TeamFirst Published Jan 14, 2021, 10:28 AM IST
Highlights

പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരുടെ മുന്നിലും തല ഉയ‌ർത്തി നിൽക്കാനുള്ള മനക്കരുത്ത് നെഞ്ചിലുണ്ടെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അവകാശപ്പെട്ടു. 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയവുമായി മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം. കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും സ്വപ്നയുമായി ശിവശങ്കരന് വിദേശയാത്രക്കൾക്ക് പോയപ്പോൾ ചോദ്യം ചെയ്യാനുള്ള ഉളുപ്പില്ലായിരുന്നോ മുഖ്യമന്ത്രിക്കെന്നും പിടി തോമസ് ചോദിച്ചു. ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.

പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്നും സഭ പൂരപ്പാട്ടിനുള്ള സ്ഥലം അല്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ടിഷ്യൂ പേപ്പ‌ർ കാണിച്ചാൽ പോലും ഒപ്പിടുന്ന ആളാണെന്ന് ശിവശങ്കരൻ പറഞ്ഞിട്ടില്ല. പിണറായി വിജയനെ ഇങ്ങനെയാക്കിയത് പിആ‌ർ ഏജൻസികൾ അല്ല. സ്വപ്ന സുരേഷ് എങ്ങനെ ബാംഗ്ലൂരിൽ എതിയെന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ച് പേടിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ലിഫ് ഹൗസിലെ വലിയ റൂമിൽ വച്ചാണ് മകളുടെ കല്യാണം നടന്നത് അവിടെ സ്വപ്ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ശിവശങ്കറിന് ഐഎഎസ് കിട്ടിയത് എകെ ആൻ്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. യുഡിഎഫിന്റെ ഭരണകാലത്ത് ശിവശങ്ക‍‌ർ ഡിപിഐ, പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കെഎസ്ഈബി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഓ‌‌ർമ്മിപ്പിച്ചു. വിവിധ ചുമതലകൾ വഹിക്കാൻ പ്രാപ്തനായിരുന്നു അദ്ദേ​ഹം, പക്ഷേ നടക്കാൻ പാടില്ലാത്തതാണ് നടന്നത്, ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.  

കേന്ദ്ര ഏജൻസികൾ സംഭവത്തിൽ രാഷ്ട്രീയമായി ഇടപെട്ട് തുടങ്ങിയപ്പോഴാണ് സംസ്ഥാന സർക്കാ‌ർ കേന്ദ്രത്തെ നിലപാട് അറിയിച്ചത്. ശിവശങ്കരൻ്റെ വിദേശയാത്രയിൽ തനിക്ക് എന്തിനാണ് ഉളുപ്പുണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. 

പിടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരുടെ മുന്നിലും തല ഉയ‌ർത്തി നിൽക്കാനുള്ള മനക്കരുത്ത് നെഞ്ചിലുണ്ടെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും അവകാശപ്പെട്ടു. സ്വപ്ന സുരേഷ് എങ്ങനെ ബാംഗ്ലൂരിൽ എതിയെന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റുകാരെ ജയിൽ കാണിച്ച് പേടിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പിടി തോമസിന്റെ ആരോപണങ്ങൾ

ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് ആരോപിച്ചാണ് പിടി തോമസ് തുടങ്ങിയത്. എന്നാൽ കേന്ദ്ര ഏജൻസികളുടെ പട വന്നപ്പോൾ മുഖ്യമന്ത്രി ഞെട്ടിയെന്ന് പിടി തോമസ് പറഞ്ഞു. ശിവശങ്കരനുമായുള്ള പിണറായിയുടെ ബന്ധം തുടങ്ങുന്നത് ലാവലിൻ സംഭവുമായി ബന്ധപ്പെട്ടാണെന്നും സ്വപ്നയുമായി ശിവശങ്കരൻ വിദേശ യാത്രകൾക്ക് പോയപ്പോൾ ചോദ്യം ചെയ്യാനുള്ള ഉളുപ്പ് ഇല്ലായിരുന്നോയെന്നും പി ടി തോമസ് സഭയിൽ ചോദിച്ചു.

സ്വപ്നയെ പൊലീസ് അസോസിയേഷൻ നേതാവിനെ വിട്ട് ജയിലിൽ വിരട്ടിയെന്നും സർക്കാർ പദ്ധതികളക്കുറിച്ച് വിദേശരാജ്യങ്ങൾക്ക് വിവരം നൽകിയെന്നും പിടി തോമസ് ആരോപിച്ചു. ഒരു ടിഷ്യൂ പേപ്പർ കാണിച്ചാലും ഒപ്പിട്ട് നൽകുന്ന മരമണ്ടനാണോ മുഖ്യമന്ത്രിയെന്ന് ചോദിച്ച പിടി തോമസ് മുഖ്യമന്ത്രിയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ആരാണെന്നും ചോദിച്ചു. മുഖ്യമന്ത്രിയെയോ കുടുംബാംഗങ്ങളെയോ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണെന്നും പിടി തോമസ് ആവശ്യപ്പെട്ടു. 

കള്ളക്കകടത്തിനും സ്വർണ്ണക്കടത്തിനും കൂട്ട് നിൽക്കുന്ന മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റാണോയെന്ന് ചോദിച്ച പി ടി തോമസ് സ്വ‌ർണ്ണക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുകയാണെന്നും ആരോപിച്ചു. പ്രളയം കേരളീയ‌ർക്ക് നരകം ആയിരുന്നെങ്കിൽ സ്വ‌‌ർണ്ണക്കടത്തുകാ‌ർക്ക് ചാകരക്കാലമായിരുന്നുവെന്നായിരുന്നു പിടിയുടെ ആരോപണം. പുത്രവാത്സ്യത്താൽ അന്ധനായി തീ‌ർന്ന ധൃതരാഷ്ട്രരെ പോലെ പുത്രീ വാത്സ്യത്താൽ കേരളത്തെ നശിപ്പിക്കരുതെന്നും പിടി മുഖ്യമന്ത്രിയെ പരിഹസിച്ചു. 

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന വന്നോ എന്നതടക്കം വ്യക്തിപരമായ ആരോപണങ്ങൾ പി ടി തോമസ് ഉന്നയിച്ചപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് ആരാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വ‌ർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോർക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു. 

Read more at: 'ഇടപാട് നടക്കുമ്പോൾ കേന്ദ്ര ഏജൻസി വരുന്നത് അറിഞ്ഞ് ഓടിയതാരാ?', തോമസിനോട് മുഖ്യമന്ത്രി ...

click me!