Asianet News MalayalamAsianet News Malayalam

'ഇടപാട് നടക്കുമ്പോൾ കേന്ദ്ര ഏജൻസി വരുന്നത് അറിഞ്ഞ് ഓടിയതാരാ?', തോമസിനോട് മുഖ്യമന്ത്രി

സ്വർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നതല്ലേ? അന്വേഷണ ഏജൻസികൾ അന്വേഷിച്ച് തെളിവുകൾ കണ്ടെത്തട്ടെ. അല്ലാതെ മുൻവിധികളല്ല കേസ് നിശ്ചയിക്കുന്നത്.

cm pinarayi vijayan against pt thomas in niyamasabha
Author
Thiruvananthapuram, First Published Jan 14, 2021, 11:51 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നൽകിയ അടിയന്തരപ്രമേയത്തിൽ പരസ്പരം കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പി ടി തോമസ് എംഎൽഎയും. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന വന്നോ എന്നതടക്കം വ്യക്തിപരമായ ആരോപണങ്ങൾ പി ടി തോമസ് ഉന്നയിച്ചപ്പോൾ റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് ആരാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. സ്വ‌ർണക്കടത്ത് വഴി കിട്ടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോർക്കണം എന്നും മുഖ്യമന്ത്രി പി ടി തോമസിനോട് പറഞ്ഞു. 

''റിയൽ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോൾ കേന്ദ്രഏജൻസികൾ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളിൽ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു തെളിവുകൾ കണ്ടെത്തണം. അല്ലാതെ മുൻകൂട്ടി നിശ്ചയിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാൻ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങൾ. കേരള സർക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട'', എന്ന് പി ടി തോമസിനോട് മുഖ്യമന്ത്രി. 

'താങ്കളൊരു കമ്മ്യൂണിസ്റ്റാണോ?'

കേന്ദ്രഏജൻസികളുടെ പട തന്നെ വന്നപ്പോൾ മുഖ്യമന്ത്രി ഞെട്ടിയെന്നും, ശിവശങ്കറിന്‍റെ ചെയ്തികളിൽ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണെന്നുമാണ് പി ടി തോമസ് സഭയിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ആരോപിച്ചത്. ''ലാവലിൻ കാലത്ത് തുടങ്ങിയതാണ് എം ശിവശങ്കരൻ ഐഎഎസ്സുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം. സ്വപ്നയുമായി ശിവശങ്കരൻ വിദേശയാത്രകൾക്ക് പോയപ്പോൾ ചോദ്യം ചെയ്യാനുള്ള ഉളുപ്പ് പോലും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ സ്വപ്ന ജയിലിലായപ്പോൾ, പോലീസ് അസോസിയേഷൻ നേതാവിനെ വിട്ട് വിരട്ടുകയാണ് ചെയ്തത്. ഒരു ടിഷ്യു പേപ്പർ കാണിച്ചാലും ഒപ്പിട്ട് കൊടുക്കുന്ന മരമണ്ടൻ ആണോ മുഖ്യമന്ത്രി എന്ന് പി ടി തോമസ് ചോദിക്കുന്നു. മുഖ്യമന്ത്രിയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് ആരാണ്? മുഖ്യമന്ത്രിയെയോ കുടുംബങ്ങളേയോ കേന്ദ്രഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ടോ? താങ്കളുടെ വീട്ടിലെ ഒരു കല്യാണ തലേന്ന് സ്വപ്ന സുന്ദരി വന്നിരുന്നോ? കള്ളക്കടത്തിനും സ്വർണക്കടത്തിനും കൂട്ട് നിൽക്കുന്ന നിങ്ങൾ കമ്മ്യൂണിസ്റ്റ് ആണോ? പുത്രവാൽസല്യത്താൽ അന്ധനായി തീർന്ന ധൃതരാഷ്ട്രരെ പോലെ പുത്രീ വാൽസല്യത്താൽ കേരളത്തെ നശിപ്പിക്കരുത്. അധോലോകനായകനാകാതിരിക്കാൻ താങ്കളെ ഞാൻ ആശംസിക്കുന്നു'', എന്ന് പി ടി തോമസ്. 

'തോമസിന് ഈ പിണറായിയെ ശരിക്ക് മനസ്സിലായിട്ടില്ല'

ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പി ടി തോമസ് ഉന്നയിച്ച ആരോപണങ്ങൾക്ക് തിരിച്ചടിച്ചത്. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല. പ്രമേയ അവതാരകനെ നിയന്ത്രിക്കാൻ ചെന്നിത്തലയ്ക്ക് കഴിയില്ലല്ലോ. മുഖ്യമന്ത്രിയെ പ്രതിയാക്കാൻ ആണ് മോഹം. ആ മോഹം ഇത് വരെ പൂവണിഞ്ഞിട്ടില്ല. ശിവശങ്കരന് ഐഎഎസ് കിട്ടിയത് എ കെ ആന്‍റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. പല ചുമതലകളും വഹിക്കാൻ അദ്ദേഹം പ്രാപ്തൻ തന്നെയായിരുന്നു. നടക്കാൻ പാടില്ലാത്തത് നടന്നു. അതിനെതിരെ സർക്കാർ നടപടിയുമെടുത്തു. ഇതിന്‍റെ ഉറവിടം കണ്ടെത്തണമെന്നാണ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസികൾ ഈ വിഷയത്തിൽ രാഷ്ട്രീയപരമായ ഇടപെടൽ നടത്തിയപ്പോഴാണ് സംസ്ഥാനം നിലപാടെടുത്ത് തുടങ്ങിയത്. ശിവശങ്കരന്‍റെ വിദേശയാത്രയിൽ തനിക്ക് എന്തിനാണ് ഉളുപ്പുണ്ടാകണ്ടത്?

പി ടി തോമസിന് പിണറായി വിജയനെ ശരിക്ക് മനസ്സിലായിട്ടില്ല. തന്നെ കുറേനാൾ പ്രതിയാക്കാൻ നടന്നതല്ലേ. എന്നിട്ടെന്തായി? കേസ് കോടതി വലിച്ചെറിഞ്ഞു. ആരുടെ മുന്നിലും തല ഉയർത്തി നിന്ന് പറയാൻ ഉള്ള മനക്കരുത്ത് ഈ നെഞ്ചിൽ ഉണ്ട്. തന്‍റെ കൈകൾ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പി ആർ ഏജൻസികൾ അല്ല. കമ്മ്യൂണിസ്റ്റ്കാരെ ജയിൽ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സിൽ വച്ചാൽ മതി. ഇപ്പൊ നട്ടെല്ല് ഉയർത്തിയാണ് നിൽക്കുന്നത്. 

ക്ലിഫ് ഹൗസിലെ വലിയ റൂമിൽ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങൾക്ക് എല്ലാം അറിയാമല്ലോ അല്ലേ? കല്യാണത്തലേന്നും, അന്നും സ്വപ്ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജൻസിയും ചോദ്യം ചെയ്തിട്ടുമില്ല. ഞങ്ങൾക്ക് ഞെളിഞ്ഞ് ഇരിക്കാൻ അവകാശം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഞെളിഞ്ഞു ഇരിക്കുന്നത്. എല്ലാവരുടെയും നേരെ വല വീശിയില്ല. ഒരു പരൽ മീനിനെ പോലും കിട്ടിയില്ലല്ലോ? ഇത് വേറെ ജനുസ്സാണ്'', എന്ന് മുഖ്യമന്ത്രി. 

Follow Us:
Download App:
  • android
  • ios