ഓൺലൈൻ പഠനത്തിലെ വെല്ലുവിളികൾ ഏറ്റെടുത്ത് യുഡിഎഫ്; ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ശ്രദ്ധയിൽപ്പെടുത്തി പ്രതിപക്ഷം

By Web TeamFirst Published Jun 3, 2021, 9:36 AM IST
Highlights

കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ ഇത്തവണ എത്രത്തോളം സർക്കാർ പാഠം പഠിച്ചുവെന്ന് ചോദിച്ച എംഎൽഎ റോജി എം ജോൺ ഈ വർഷം എത്ര വിദ്യാർത്ഥികൾക്ക് സൗകര്യം ഇല്ലെന്ന കണക്കു സർക്കാർ എടുത്തോയെന്നും ചോദിച്ചു. എംഎൽഎമാരെ വിളിച്ചു കുട്ടികൾ ഫോൺ ആവശ്യപ്പെടുകയാണെന്നും റോജി എം ജോൺ ചൂണ്ടിക്കാട്ടി. 

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഇ ക്ലാസിൽ ഹാജരുണ്ടോ പരമ്പരയടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. റോജി എം ജോൺ ആണ് നോട്ടീസ് നൽകിയത്. അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയില്ല. 

പരമാവധി വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൗകര്യം നൽകാൻ കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നോട്ടീസിന് മറുപടിയായി പറഞ്ഞു. ആദ്യ രണ്ടാഴ്ച ട്രയൽ ക്ലാസാണ് നടത്തുന്നതെന്നും കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെ ആയിരുന്നുവെന്നും മന്ത്രി സഭയെ ഓർമ്മിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും ‍ഡിജിറ്റൽ ക്ലാസ് ഉറപ്പാക്കാൻ ട്രയൽ ഗുണം ചെയ്തുവെന്നാണ് മന്ത്രിയുടെ അവകാശവാദം. 

2.6 ലക്ഷം കുട്ടികൾക്കു കഴിഞ്ഞ വർഷം ഡിജിറ്റൽ സൗകര്യം ഇല്ലായിരുന്നുവെന്നും  സൗകര്യം ഇല്ലാത്തവർക്ക് പിന്നീട് കഴിഞ്ഞ വർഷം തന്നെ സൗകര്യം ഏർപ്പാടാക്കിയെന്നും മന്ത്രി സഭയെ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയ്ക്കിടെ ഒരു കുട്ടി വിളിച്ചു ഫോൺ ഇല്ലെന്നു പറഞ്ഞതും, എംഎൽഎ ഇടപെട്ട് കുട്ടിക്ക് ഫോൺ നൽകിയതും മന്ത്രി സഭയിൽ പരാമർശിച്ചു. സഹായം നൽകിയ എംഎൽഎമാർക്ക് നന്ദി പറഞ്ഞ വിദ്യാഭ്യാസ മന്ത്രി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കി മാത്രമേ സ്കൂൾ തല ഓൺ ലൈൻ ക്ലാസ് തുടങ്ങൂവെന്ന് ഉറപ്പ് നൽകി. മുഴുവൻ കുട്ടികൾക്കും സർക്കാർ ഡിജിറ്റൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. 

കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ ഇത്തവണ എത്രത്തോളം സർക്കാർ പാഠം പഠിച്ചുവെന്ന് ചോദിച്ച എംഎൽഎ റോജി എം ജോൺ ഈ വർഷം എത്ര വിദ്യാർത്ഥികൾക്ക് സൗകര്യം ഇല്ലെന്ന കണക്കു സർക്കാർ എടുത്തോയെന്നും ചോദിച്ചു. എംഎൽഎമാരെ വിളിച്ചു കുട്ടികൾ ഫോൺ ആവശ്യപ്പെടുകയാണെന്നും റോജി എം ജോൺ ചൂണ്ടിക്കാട്ടി. 

ഈ ക്ലാസിൽ ഹാജരുണ്ടോ പരമ്പര ഡിജിറ്റൽ സൗകര്യം ഇല്ലാത്ത കുട്ടികളുടെ ദുരവസ്ഥ കാണിക്കുന്നുവെന്ന് പറഞ്ഞ റോജി എം ജോൺ ഏഷ്യാനെറ് ന്യൂസിലെ മന്ത്രിയോട് ചോദിക്കാം പരിപാടി വഴി കുട്ടികൾ ഫോൺ ആവശ്യപ്പെട്ടതും ചൂണ്ടക്കാട്ടി. എത്ര കുട്ടികൾക്ക് ഇങ്ങനെ മന്ത്രിമാരെ വിളിക്കാൻ ആകുമെന്നാണ് റോജിയുടെ ചോദ്യം. 


എത്ര കുട്ടികൾക്കു കഴിഞ്ഞ വർഷം സർക്കാർ പദ്ധതി വഴി ലാപ്ടോപ്പും ഫോണും ഇന്റർനെറ്റും നൽകി എന്ന കണക്കു ഉണ്ടോയെന്നും റോജി എം ജോൺ ചോദിച്ചു. നിരവധി സ്കൂളുകളിൽ അധ്യാപകർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷം സ്കൂൾ തുറക്കാത്തതിനാൽ അധ്യാപക നിയമനം നടത്താത്തത് ശരിയല്ലെന്ന് നിലപാടെടുത്തു. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സൗകര്യം സർക്കാർ മേഖലയിൽ ഇല്ലെന്നും ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ തുല്യത നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു. 

പുതിയ വിദ്യാഭ്യാസ രീതി ആയതിനാൽ കുറവുകൾ ഉണ്ടാകാം എന്ന് പറഞ്ഞ ശിവൻകുട്ടി കുറവുകൾ പരിഹരിക്കും എന്ന് ഉറപ്പ് നൽകി. എംഎൽഎമാരുടെ സഹായവും വേണമെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി 49000 കുട്ടികൾക്കു ഇത്തവണ ഡിജിറ്റൽ സൗകര്യം ഇല്ലെന്നാണ് എസ്എസ്കെയുടെ പ്രാഥമിക പഠനമെന്നും സഭയെ അറിയിച്ചു. അവർക്ക് എല്ലാവരുടെയും സഹായത്തോടെ സൗകര്യം ഏർപ്പാടാക്കുമെന്നും ശിവൻകുട്ടി അറിയിച്ചു. 

ഒരു വർഷത്തെ ഓൺലൈൻ ക്ലാസിന്റെ ആഘാതം സർക്കാർ പടിക്കേണ്ടിയിരുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. 7 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ സൗകര്യം ഇല്ലെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കണക്കെന്നും സതീശൻ ചൂണ്ടിക്കാട്ടി. മന്ത്രി പറഞ്ഞ കണക്ക് തെറ്റാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പല വീടുകളിലും ഒരു മൊബൈൽ മാത്രം ആണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടി. 

click me!