ലോകബാങ്കിന്‍റെ പണം വകമാറ്റി ചെലവഴിച്ചു? സമ്മതിച്ച് ധനമന്ത്രി, നിഷേധിച്ച് മുഖ്യമന്ത്രി; സഭയില്‍ പ്രതിപക്ഷ ബഹളം

By Web TeamFirst Published Nov 11, 2019, 5:50 PM IST
Highlights

ലോകബാങ്ക് നല്‍കിയ പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു കടകവിരുദ്ധമായി ധനമന്ത്രിയുടെ അഭിപ്രായപ്രകടനം. ഇതോടെ, തുക വകമാറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചു എന്ന് പറഞ്ഞ് പ്രതിപക്ഷം...

തിരുവനന്തപുരം: ലോകബാങ്കിന്റെ പണം ദൈനംദിന കാര്യങ്ങൾക്ക് ചെലവഴിച്ചിട്ടുണ്ടെന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ പ്രസ്‍താവനയെത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ലോകബാങ്ക് നല്‍കിയ പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു കടകവിരുദ്ധമായി ധനമന്ത്രിയുടെ അഭിപ്രായപ്രകടനം. ഇതോടെ, തുക വകമാറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചു എന്ന് പറഞ്ഞ് പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.

പ്രളയ ദുരിതാശ്വാസത്തിന് ലോകബാങ്ക് നൽകിയ പണം ചെലവഴിക്കാൻ പദ്ധതി തയ്യാറാക്കി വരുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. പദ്ധതിക്ക് വേണ്ടി  ചെലവഴിക്കുന്നതു വരെ പണം ട്രഷറിയിലുണ്ടാകും. പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ട്രഷറിയിലെ ബാലൻസ് പരിശോധിച്ചാൽ ലോക ബാങ്കിന്റെ പണം അവിടെ ഇല്ലെന്ന് വ്യക്തമാകുമെന്ന് പ്രതിപക്ഷ എംഎല്‍എ വി ഡി സതീശന്‍ പ്രതികരിച്ചു. പണം അക്കൗണിലുണ്ടെന്ന് സഭയെ ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു. ധനമന്ത്രിയുടെ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും  വി ഡി സതീശൻ ആവശ്യപ്പെട്ടു. 

അപ്പോഴാണ് പണം ദൈനംദിന ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്നും പ്രളയ ദുരിതാശ്വാസ പദ്ധതികൾക്ക് പണം നൽകാൻ സമയമാകുമ്പോൾ അത് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞത്. ഇതോടെയാണ് പ്രതിഷേധസൂചകമായി പ്രതിപക്ഷം ബഹളം വച്ചത്. 

Read More: സ്ത്രീകള്‍ അഴിഞ്ഞാടുന്നുവെന്ന് പിസി ജോര്‍ജ്, പ്രതിഷേധവുമായി വനിതാ എംഎല്‍എമാര്‍, നിയമസഭയില്‍ ബഹളം

 

click me!