Asianet News MalayalamAsianet News Malayalam

വാളയാർ കേസ്: ഉടൻ സിബിഐ വേണ്ടെന്ന് ഹൈക്കോടതി, അപ്പീൽ നൽകാം

വാദം നടക്കുന്നതിനിടെ പുനരന്വേഷണത്തിനുള്ള സാധ്യത കുറവാണെന്ന് സിബിഐ. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ പുനരന്വേഷണം നടക്കൂ. കോടതി ഉത്തരവിനെതിരെ സർക്കാരിന് അപ്പീൽ ഫയൽ ചെയ്യാമല്ലോ എന്ന് കോടതി പറഞ്ഞപ്പോൾ, ഉടൻ അപ്പീൽ നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. 

no cbi enquiry in walayar girls death now says kerala high court
Author
High Court of Kerala, First Published Nov 1, 2019, 1:42 PM IST

കൊച്ചി: വാളയാറിൽ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ സിബിഐ അന്വേഷണം ഉടൻ വേണ്ടെന്ന് ഹൈക്കോടതി. കേസ് സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളി. 

പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകാൻ ഇപ്പോഴും കഴിയുമല്ലോ എന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് വാദത്തിനിടെ സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണോ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ഹർജിക്കാരനോട് കോടതി ചോദിച്ചു. പത്ര റിപ്പോർട്ടുകളെല്ലാം ശരിയാണെന്ന് എന്താണുറപ്പെന്ന് ചോദിച്ച കോടതി, സംസ്ഥാനത്ത് പൊതുവിൽ പോക്‌സോ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നത് ഈ കേസുമായി ബന്ധപ്പെടുത്തേണ്ടെന്നും പറഞ്ഞു.

അതേസമയം, കേസിലെ അപ്പീൽ സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതിരെ സർക്കാരിനും പെൺകുട്ടികളുടെ അച്ഛനമ്മമാർക്കും അപ്പീൽ നൽകാം. ഉടൻ അപ്പീൽ നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ഇതിനിടെ, കേസിൽ പുനരന്വേഷണം വേണമെന്ന് ഹർജിയിലെ ആവശ്യത്തെക്കുറിച്ച് സിബിഐയുടെ അഭിപ്രായം കോടതി തേടി. പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാൽ മാത്രമേ, ഈ കേസിൽ പുനരന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ കോടതിയെ അറിയിച്ചു. വിചാരണക്കോടതി ജഡ്ജിയുടെ വിധി നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യായമാണെന്നും സിബിഐ വ്യക്തമാക്കി. 

കേസിൽ വിചാരണ നടക്കുന്ന സമയത്തും അന്വേഷണം നടക്കുന്ന സമയത്തും എവിടെയായിരുന്നുവെന്ന് ഹർജിക്കാരനോട് ചോദിച്ച കോടതി, സാക്ഷികൾക്ക് സുരക്ഷ വേണമെന്ന ആവശ്യത്തെയും വിമർശിച്ചു. നിരവധി സാക്ഷികൾ കൂറുമാറിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരൻ ഈ ആവശ്യം ഉന്നയിച്ചത്. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞ കേസിൽ ഇനി സാക്ഷികൾക്ക് എന്ത് സുരക്ഷ നൽകാനാണെന്നും കോടതി ചോദിച്ചു. 

Follow Us:
Download App:
  • android
  • ios