തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രതിഭാഗം അഭിഭാഷകൻ എൻ രാജേഷിനെതിരെ വെളിപ്പെടുത്തലുമായി വാളയാർ കേസ് മുൻ പബ്ലിക് പ്രോസിക്യൂട്ടർ. പ്രതിഭാഗം അഭിഭാഷകനെതിരെ മൊഴി കൊടുത്തതിന് പിന്നാലെയാണ് തന്നെ മാറ്റി ലത ജയരാജിനെ നിയമിച്ചത്. തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജലജാ മാധവൻ ന്യൂസ് അവറില്‍ പ്രതികരിച്ചു. 

സാമൂഹികനീതി വകുപ്പിനാണ് രേഖാമൂലം മറുപടി നൽകിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇരുന്നത് മൂന്നുമാസം മാത്രമാണെന്നും മുൻ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. പൊലീസ് വീഴ്ചയും  മുൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിക്കുന്നു. തെളിവുകൾ ആദ്യഘട്ടത്തിൽ തന്നെ ദുർബലമായിരുന്നു. ഇരകൾക്കുവേണ്ടി നിൽക്കേണ്ടവർ വേട്ടക്കാർക്കൊപ്പം പോയെന്നും ജലജാ മാധവന്‍ പറഞ്ഞു. 

"

ആത്മഹത്യയെന്ന് വരുത്താൻ വിചിത്രവാദങ്ങൾ അന്വേഷണ സംഘം നിരത്തി. മൂത്ത പെൺകുട്ടി പീഡനത്തിനിരയായോ എന്ന് അന്വേഷിക്കാൻ വിമുഖത കാട്ടിയെന്നും ജലജാ മാധവന്‍ വ്യക്തമാക്കി.

അതേസമയം വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ഇരകളുടെ രക്ഷിതാക്കൾക്കോ, സർക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.