അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

Published : May 20, 2024, 12:26 PM IST
അവയവക്കടത്ത് കേസ്; പ്രതിയുടെ വിരലടയാളം ശേഖരിച്ചു, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധന

Synopsis

അതേസമയം, അന്വേഷണ സംഘത്തിന് കേസിൽ നിർണായകമായ വിവരം ലഭിച്ചു. മനുഷ്യക്കടത്തിന് ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയാണെന്ന് വിവരം ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. 

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ പ്രതി സബിത് നാസറിന്റെ വിരലടയാളം ശേഖരിച്ച് അന്വേഷണ സംഘം. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന നടത്തിയ ശേഷം പ്രതിയെ അൽപസമയത്തിനകം അങ്കമാലി കോടതിയിൽ ഹാജരാക്കും. അതിനിടെ, പ്രതി സബിത് നാസർ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധനയും അന്വേഷണ സംഘം തുടങ്ങിയിട്ടുണ്ട്. 

അതേസമയം, അന്വേഷണ സംഘത്തിന് കേസിൽ നിർണായകമായ വിവരം ലഭിച്ചു. മനുഷ്യക്കടത്തിന് ഇരയായവരിൽ ഒരാൾ പാലക്കാട് സ്വദേശിയാണെന്ന് വിവരം ലഭിച്ചതായി അധികൃതർ വെളിപ്പെടുത്തി. ഉത്തരേന്ത്യൻ സ്വദേശികളായ മറ്റ് 19 പേരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. കൂടുതൽ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പ്രതി സാബിത്തിൽ നിന്ന് പൊലീസിന് ഇതുവരെ ലഭിച്ചത് 20 പേരെക്കുറിച്ചുള്ള വിവരങ്ങളാണ്. 

അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങുകയായിരുന്നു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക്  സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

സാമ്പത്തിക പ്രശ്നങ്ങൾ കാരണം ദാതാവ് ആകാൻ സ്വയം ഇറങ്ങി പുറപ്പെട്ട് ഒടുവിൽ ഈ മാഫിയ സംഘത്തിലെ കണ്ണിയായെന്നാണ് സാബിത്ത് നാസർ പൊലീസിനോട് പറയുന്നത്. 2019ൽ വൃക്ക നൽകി പണം കൈപ്പറ്റാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കൂടുതൽ ദാതാക്കളെ ബന്ധപ്പെടുത്തി നൽകിയാൽ പണം വഴിയെ പോരുമെന്ന് മനസ്സിലാക്കി ഏജന്റായി. 2019ൽ തൃശൂർ വലപ്പാട് ഇടമുട്ടത്ത് പത്ത് ദിവസം മാത്രമാണ് സാബിത്ത് നാസർ താമസിച്ചത്. എന്നാൽ അവിടെ നാട്ടിലെ മേൽവിലാസമാക്കി. ഭാര്യ ഉപേക്ഷിച്ചതോടെ സഹോദരിയുടെ വീട്ടിലും പലയിടങ്ങളിലായി വാടകവീടെടുത്തും കേരളത്തിൽ വന്നും പോയുമിരുന്നു.

കൂടുതൽ സമയവും ഇറാനിൽ താമസവുമാക്കി. അവിടെ ഫരീദിഖാൻ ആശുപത്രിയിൽ വൃക്ക മാറ്റി വയ്ക്കൽ നടപടികൾക്കായി 20 ദാതാക്കളെ വരെ ഇന്ത്യയിൽ നിന്നും റിക്രൂട്ട് ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി. മലയാളികളിൽ അല്ല അവയവം മാറ്റിവയ്ക്കൽ ഭൂരിഭാഗവും നടത്തിയത് ഉത്തരേന്ത്യൻ സംസ്ഥാനക്കാരെയെന്നും ഇയാളുടെ കുറ്റസമ്മത മൊഴിയിലുണ്ട്. എന്നാൽ വിശദമായ ചോദ്യം ചെയ്യൽ വേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്. 

ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ അന്വേഷണം നടത്തും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ പണം വാഗ്ദാനം നൽകി ചൂഷണം ചെയ്ത് എല്ലാം നിയമപരമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദേശ രാജ്യങ്ങളിലേക്ക് ഇയാൾ അവയവക്കടത്ത് നടത്തിയത്. നാമ മാത്രമായ തുക ദാതാവിന് നൽകി സ്വീകർത്താവിൽ നിന്ന് ഇരട്ടി തുക കൈപ്പറ്റിയാണ് മാഫിയ സംഘങ്ങൾ ലാഭം കൊയ്യുന്നത്. തത്കാലത്തേക്ക് താമസിച്ചൊഴിഞ്ഞ മേൽവിലാസം വഴി ഇയാൾ എങ്ങനെ പാസ് പോർട്ട് നേടി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ രാജ്യാന്തര ബന്ധങ്ങളിലേക്ക് വഴിവയ്ക്കുന്ന കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കണോ എന്നതിലും പരിശോധന തുടങ്ങി. കേസിൽ പ്രാഥമിക വിവരശേഖരണം കേന്ദ്ര ഏജൻസികൾ പൂർത്തിയാക്കിയിട്ടുണ്ട്. 

സുരേശേട്ടന്‍റെ കെയറിംഗിന് സ്‍കോഡയുടെ ഉരുക്കുറപ്പ്! ഫൈവ് സ്റ്റാർ സേഫ്റ്റിയുള്ള കാർ സ്വന്തമാക്കി രാജേഷ് മാധവൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം