ഹിതപരിശോധന സാധ്യമല്ല, യാക്കോബായ വിഭാഗവുമായി ഒന്നിച്ച് ചർച്ചയ്ക്ക് സമ്മതമെന്നും ഓർത്തഡോക്സ് വിഭാഗം

By Web TeamFirst Published Sep 21, 2020, 5:18 PM IST
Highlights

മൃതദേഹം അതത് പള്ളികളിൽ തന്നെ സംസ്ക്കരിക്കാൻ അനുവാദം നൽകുന്ന ഓർ‍ഡിനൻസ് നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കോടതി വിധി മറികടക്കാന്‍ സമാന നിയമനിർമ്മാണങ്ങൾ സർക്കാർ പരിഗണിക്കണമെന്ന ആവശ്യവും യാക്കോബായ സഭ  മുന്നോട്ട് വയ്ക്കുന്നു

തിരുവനന്തപുരം: പള്ളി തർക്കത്തിൽ ഹിതപരിശോധന വേണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളി ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കോടതി വിധി നടപ്പിലാക്കണമെന്ന് ഓർത്തഡോക്സ് സഭ പ്രതിനിധികൾ ആവശ്യപ്പെട്ടു. മറ്റ് സാധ്യതകൾ കോടതി അംഗീകരിക്കില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കി. കോടതി വിധി പ്രകാരം ഹിതപരിശോധന സാധ്യമല്ല. യാക്കോബായ സഭയുമായി ഒന്നിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്നും അവർ മുഖ്യമന്ത്രിയെ അറിയിച്ചു.

വിശ്വാസികൾക്കിടയിൽ ഹിതപരിശോധന നടത്തി പള്ളിതർക്കത്തിൽ പരിഹാരം കണ്ടെത്തണമെന്ന്  യാക്കോബായ സഭ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പറഞ്ഞിരുന്നു. വിശ്വാസികളുടെ അഭിപ്രായത്തിന് വിരുദ്ധമാണ് സുപ്രീംകോടതി ഉത്തരവുകളെന്ന നിലപാട് യാക്കോബായ സഭ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തര്‍ക്കം നിലനില്‍ക്കുന്ന പളളികളില്‍ ഇടവകാംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന വേണമെന്ന ആവശ്യമാണ് സഭ പ്രതിനിധികള്‍ ഉന്നയിച്ചത്.

മൃതദേഹം അതത് പള്ളികളിൽ തന്നെ സംസ്ക്കരിക്കാൻ അനുവാദം നൽകുന്ന ഓർ‍ഡിനൻസ് നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കോടതി വിധി മറികടക്കാന്‍ സമാന നിയമനിർമ്മാണങ്ങൾ സർക്കാർ പരിഗണിക്കണമെന്ന ആവശ്യവും യാക്കോബായ സഭ  മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. ഓര്‍ത്തഡോക്സ് സഭയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമാകും തുടര്‍നടപടികളെ കുറിച്ചുളള സര്‍ക്കാര്‍ തീരുമാനം.

click me!