
കൊച്ചി: സഭ ഐക്യത്തിനുള്ള മുഖ്യമന്ത്രി വി ഡി സതീശൻ്റെ ആഹ്വാനത്തിൽ ഉപാധികൾവെച്ച് ഓർത്തഡോക്സ് സഭ. പാത്രിയാർക്കീസ് ബാവ ഓർത്തഡോകസ് സഭ ആസ്ഥാനത്ത് വന്ന് അധ്യക്ഷനുമായി ചർച്ചകൾക്ക് തയ്യാറാകുകയാണ് ആദ്യം വേണ്ടതെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. എല്ലാ മറന്നേക്ക് എന്ന് പറഞ്ഞ് ശൂന്യതയിൽ നിന്ന് ചർച്ചയ്ക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. പ്രതിസന്ധികൾ ഉണ്ടാക്കിയിട്ട് സ്വാഗതം പറയുന്നതിൽ അർത്ഥമില്ലെന്നാണ് യാക്കോബായ സഭയുടെ മറുപടി.
സഭകൾ ഒരുമിച്ച് നിന്നാൽ കേരളത്തിന്‍റെ മുഖഛായമാറുമെന്നും ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്നും മുളന്തുരുത്തി സുന്നഹദോസ് 150 -ാം വാർഷിക വേദിയിലാണ് മുഖ്യമന്ത്രി സതീശൻ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ ആഹ്വാനം ചടങ്ങിലുള്ളവർ കയ്യടിച്ച് സ്വീകരിച്ചപ്പോൾ വേദിയിലുള്ളവർ മിണ്ടിയില്ലെന്ന് ഓർത്തഡോകസ് സഭ ചൂണ്ടിക്കാട്ടി. സമാധാന ആഹ്വാനം സ്വീകരിക്കാൻ കഴിയില്ലെന്ന തോന്നലാണ് അത് ഉണ്ടാക്കുന്നത്. സഭയിൽ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ദേവലോകത്തെ സഭാ ആസ്ഥാന വാതിൽ ചർച്ചകൾക്കായി തുറന്നിരിക്കുകയാണെന്നും കോട്ടയം ഭദ്രാസനാധിപൻ വ്യക്തമാക്കി. സഭ ഐക്യത്തെപ്പറ്റി മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും സർക്കാർ അഭിഭാഷകർ കോടതിയിൽ മറ്റൊന്നാണ് പറയുന്നതെന്ന് ഓർത്തഡോക്സ് കുറ്റപ്പെടുത്തുന്നു. സുപ്രീം കോടതിവിധി പ്രകാരം പാത്രിയാർക്കീസ് ബാവയക്ക് വിലക്കുള്ള പള്ളികളിലെത്തി വിശുദ്ധ കുർബാന അർപ്പിക്കാനാകില്ല. സമാധാനത്തെക്കുറിച്ച് പറഞ്ഞിട്ട് നാളെ മണർകാട് പള്ളിയിൽ ബാവ കയറിയാൽ സമാധാമുണ്ടാകില്ല. അത് കോടതിയലക്ഷ്യവുമാകുമെന്നും സഭ വ്യക്തമാക്കുന്നു.
യാക്കാബോയാ സഭാധ്യക്ഷൻ പാത്രിയാക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിന് തടസ്സങ്ങളുണ്ടാക്കിയിട്ട്, ദേവലോകത്തേക്ക് സ്വാഗതം ചെയ്യുന്നവർ ആത്മപരിശോധന നടത്തട്ടെ എന്നാണ് യാക്കാബോയ സഭയുടെ മറുപടി. നാളത്തെ സന്ദർശനത്തിൽ പാർത്രിയാർക്കീസ് ബാവ തീരുമാനമെടുക്കുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. നാളെ മണർകാട് പള്ളിയിൽ പാർത്രിയാക്കീസ് ബാവ കുർബാന അർപ്പിക്കുമെന്നായിരുന്നു യാക്കോബായ സഭയുടെ അറിയിപ്പ്. ഇതിനെ എതിർത്ത് ഓർത്തഡോക്സ് സഭ ഹൈക്കടോതിയെ സമീപിച്ചിരുന്നു. ചുരുക്കത്തിൽ സഭകൾ തമ്മിലുള്ള ഐക്യ ആഹ്വാനം പ്രഖ്യാപനത്തിന് അപ്പുറം യാഥാർത്ഥ്യത്തിലേക്ക് അടുക്കൽ വിദൂരമാണ്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam