ജർമ്മനി സംഘടിപ്പിച്ച കാലാവസ്ഥാ വിസിറ്റേഴ്സ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ പരിസ്ഥിതി മാധ്യമപ്രവർത്തക ജിഷ എലിസബത്തിനെ തെരഞ്ഞെടുത്തു. 15 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർക്കൊപ്പം ജർമ്മനിയിലെ വിവിധ കാലാവസ്ഥാ പദ്ധതികളും ഗവേഷണ സ്ഥാപനങ്ങളും പ്രതിനിധി സംഘം സന്ദർശിച്ചു.
ബെർലിൻ / ഹാംബർഗ് : ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനി സംഘടിപ്പിച്ച ഏഴ് ദിവസത്തെ വിസിറ്റേഴ്സ് പ്രോഗ്രാമിലേക്ക് (Visitor Programme) ഇന്ത്യൻ പരിസ്ഥിതി സ്വതന്ത്ര മാധ്യമപ്രവർത്തക ജിഷ എലിസബത്ത് ഔദ്യോഗിക ക്ഷണിതാവായി തെരഞ്ഞെടുക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനുമായി ജർമ്മനി നടപ്പാക്കുന്ന വിവിധ പദ്ധതികൾ നേരിട്ട് കണ്ടുമനസ്സിലാക്കാൻ അവസരമൊരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
അൽബേനിയ, ബൾഗേറിയ, ചൈന, ഹോണ്ടുറാസ്, ഇന്ത്യ, കെനിയ, കൊറിയ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, ടുണീഷ്യ, തുർക്കി, വിയറ്റ്നാം എന്നീ 15 രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞർ, അക്കാദമീഷ്യന്മാർ, വിഷയവിദഗ്ദ്ധർ, മാധ്യമപ്രവർത്തകർ എന്നിവരടങ്ങിയതായിരുന്നു അന്താരാഷ്ട്ര പ്രതിനിധി സംഘം.
ബെർലിൻ, പോട്സ്ഡാം, കുക്സ്ഹാഫൻ, ഹാംബർഗ് എന്നിവിടങ്ങളിൽ പര്യടനം നടത്തിയ സംഘം പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ എന്നിവയ്ക്കുള്ള ഫെഡറൽ മന്ത്രാലയം (BMUV), ഫെഡറൽ ഫോറിൻ ഓഫീസ്, ഫെഡറൽ മറൈൻ ആൻഡ് ഹൈഡ്രോഗ്രാഫിക് ഏജൻസി (BSH) തുടങ്ങിയ പ്രധാന ജർമ്മൻ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. യാത്രയുടെ ഭാഗമായി, പോട്സ്ഡാമിലെ ആൽഫ്രഡ് വേഗനർ ഇൻസ്റ്റിറ്റ്യൂട്ട് ഹെൽംഹോൾട്ട്സ് സെന്റർ ഫോർ പോളാർ ആൻഡ് മറൈൻ റിസർച്ച്, ഹാംബർഗിലെ ക്ലൈമറ്റ് സർവീസ് സെന്റർ ജർമ്മനി, പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ച് എന്നീ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരുമായും സംഘം ആശയവിനിമയം നടത്തി.
യുനെസ്കോ ലോക പൈതൃക കേന്ദ്രമായ സാൻസൂസി കൊട്ടാരം (Sanssouci Palace), യുനെസ്കോ ലോക പ്രകൃതിദത്ത പൈതൃക കേന്ദ്രമായ കുക്സ്ഹാഫനിലെ വാഡൻ സീ നാഷണൽ പാർക്ക്, കാലാവസ്ഥാ അതിജീവനശേഷിയുള്ള നഗരാസൂത്രണത്തിനും വെള്ളപ്പൊക്ക പ്രതിരോധത്തിനും പേരുകേട്ട ഹാഫൻസിറ്റി ഹാംബർഗ് (HafenCity Hamburg GmbH) തുടങ്ങിയ പ്രമുഖ പരിസ്ഥിതി-പൈതൃക കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് ബെർലിൻ (Mitte) ആണ് ഈ സന്ദർശനപരിപാടിക്ക് നേതൃത്വം നൽകിയത്.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ജിഷ എലിസബത്ത് രാംനാഥ് ഗോയങ്ക അവാർഡ്, നാഷണൽ മീഡിയ അവാർഡ്, കേരള സർക്കാരിന്റെ ഡോ. അംബേദ്കർ മാധ്യമ പുരസ്കാരം, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഗ്രീൻ റിപ്പോർട്ടർ അവാർഡ്, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദ യൂത്ത് അവാർഡ്, എറണാകുളം പ്രസ് ക്ലബിന്റെ ലീല മേനോൻ അവാർഡ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ബഡിങ് ജേണലിസ്റ്റ് അവാർഡ്, എർത്ത് ജേണലിസം നെറ്റ് വർക്കിന്റെ രണ്ട് മീഡിയ ഫെല്ലോഷിപ്പുകൾ, ജേണലിസം സെന്റർ ഓൺ ഗ്ലോബൽ ട്രാഫിക്കിങ്ങിന്റെ മീഡിയ ഫെല്ലോഷിപ്പ്, തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ ഫെല്ലോഷിപ്പ് എന്നിവ നേടിയിട്ടുണ്ട്. ഭർത്താവ് പാലക്കാട് സ്വദേശിയായ ജോൺ ആളൂർ, മകൾ ഇതൾ.














