സഭാതര്‍ക്കം: മൃതദേഹം വച്ച് തർക്കം വേണ്ട; നിയമനിർമ്മാണത്തിന് സർക്കാർ

By Web TeamFirst Published Jan 1, 2020, 11:15 AM IST
Highlights

സഭാതർക്കം മൃതദേഹം അടക്കം ചെയ്യാൻ തടസ്സമാകരുത്, സഭാ തർക്കമുള്ള പളളികളിൽ കുടുംബ കല്ലറയിൽ സംസ്കരിക്കാം, പ്രാർത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം, മൃതദേഹം അടക്കം ചെയ്യാൻ തർക്കങ്ങൾ തടസ്സമാകരുത് 

തിരുവനന്തപുരം: സഭാതര്‍ക്കത്തിന്‍റെ പേരില്‍ മൃതദേഹം കല്ലറകളില്‍ സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ക്ക് അറുതിയാകുന്നു. മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച ഓർഡിനൻസിന് മന്ത്രിസഭ അനുമതി നൽകി. സഭാതർക്കം മൃതദേഹം അടക്കം ചെയ്യാൻ തടസ്സമാകരുത്, സഭാ തർക്കമുള്ള പളളികളിൽ കുടുംബ കല്ലറയിൽ സംസ്കരിക്കാം, പ്രാർത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം, മൃതദേഹം അടക്കം ചെയ്യാൻ തർക്കങ്ങൾ തടസ്സമാകരുത് എന്നതാണ് വ്യവസ്ഥകള്‍.

സഭാ തര്‍ക്കം: 38 ദിവസത്തിന് ശേഷം 91 കാരിയുടെ മൃതദേഹം സംസ്‌കരിച്ചു, സംഭവത്തിൽ 56 പേര്‍ക്കെതിരെ കേസ്

സഭാതര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് കല്ലറ തര്‍ക്കം ഉടലെടുത്തത്. നേരത്തെ മൃതദേഹവുമായി യാക്കോബായ വിഭാഗം സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കം വിഷയത്തില്‍ ഇടപെട്ടു.

ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ യാക്കോബായ വിഭാഗം സ്വാഗതം ചെയ്തു. അതേസമയം  സുപ്രീംകോടതി വിധിയെ അട്ടിമറിക്കുന്ന തരത്തിലാണ് ഓർഡിനൻസ് എങ്കിൽ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. സർക്കാരിൻറെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടത്തിയില്ല. സുപ്രീംകോടതി വിധിക്കെതിരായി സർക്കാർ പ്രവർത്തിക്കുമെന്ന് കരുതുന്നില്ല. സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് ഓർഡിനൻസ് എങ്കിൽ നിയമപരമായി നേരിടുമെന്നും സഭ വ്യക്തമാക്കി. 

 

click me!