
തിരുവനന്തപുരം: ഫേസ്ബുക്കിലൊക്കെ കണ്ടിട്ടാണെന്ന് തോന്നുന്നു... കാസര്‍കോട് നിന്നൊരു വിളിയെത്തി. ഒരു കാന്‍സര്‍ രോഗിയാണ് വിളിച്ചത്. സാമ്പത്തിക പ്രയാസങ്ങള്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കൂടിയായതോടെ മരുന്ന് ലഭിക്കാത്തതായിരുന്നു പ്രശ്നം. കണ്ണീരോടെയുള്ള ആ ഫോണ്‍ വിളിക്ക് മറുപടി ഇത്രയും മാത്രമേ നല്‍കിയുള്ളൂ, 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്...'
ഇതൊരു വെറും വാക്കല്ല. ഇപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളം... അങ്ങനെയും പറയാനാകില്ല, അതിര്‍ത്തിക്കപ്പുറം തമിഴ്നാട്ടിലും പ്രതീക്ഷകള്‍ നിറയ്ക്കുന്ന ഉറപ്പാണ്. ജീവന്‍രക്ഷാ മരുന്നുകള്‍ ഏറ്റവും ആവശ്യമുള്ളവര്‍ക്കായി എത്തിക്കുകയാണ് 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' എന്ന സന്നദ്ധ സംഘടന. കാട്ടാക്കട നിയോജകമണ്ഡലത്തിന് കീഴിലുള്ള മുഴുവന്‍ കിടപ്പ് രോഗികള്‍ക്കും സൗജന്യമായി മരുന്ന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' പ്രവര്‍ത്തനം തുടങ്ങിയത്.
കാട്ടാക്കട എംഎല്‍എ ഐ ബി സതീഷായിരുന്നു ഈയൊരു ആശയത്തിന് പിന്നില്‍. നാല് വര്‍ഷമായി കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും കിടപ്പ് രോഗികള്‍ക്ക് മരുന്ന് എത്തിച്ച് ഒരുപാട് പേരുടെ സങ്കടക്കടലുകളില്‍ ആശ്വാസമായി മാറി ഈ സംഘടന. കൊവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗണ്‍ കാരണം ഒരുപാട് പേര്‍ ബുദ്ധിമുട്ടുകയാണെന്ന് മനസിലാക്കി കാസര്‍കോട് മുതല്‍ പാറശാല വരെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
ലോക്ക്ഡൗണ്‍ സമയത്ത് 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ് കാസര്‍ഗോഡ് നിന്നടക്കം സഹായഅഭ്യര്‍ത്ഥനകള്‍ വന്നു. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലെ നീലഗിരി, കുടംകുളം തുടങ്ങിയ സ്ഥലത്ത് നിന്ന് പോലും മരുന്നിനായി വിളിയെത്തി. ഇവിടെയെല്ലാം പൊലീസിന്‍റെ സഹായത്തോടെ മരുന്ന് എത്തിച്ചുവെന്ന് ഒപ്പം പ്രവര്‍ത്തകര്‍ പറഞ്ഞു. 200ഓളം ചെറുപ്പക്കാരാണ് ഇപ്പോള്‍ ഒപ്പത്തിന് വേണ്ടി ലോക്ക്ഡൗണ്‍ സമയത്തെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടുള്ളത്.
ലോക്ക്ഡൗണ്‍ സമയത്ത് മാത്രം 980 പേര്‍ക്കാണ് ഇതുവരെ മരുന്ന് എത്തിക്കാനായത്. കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് പ്രാധാന്യം നല്‍കി ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണത്തിനാണ് ഇപ്പോള്‍ ഒപ്പം പ്രാധാന്യം കൊടുക്കുന്നത്. സംഘത്തിലെ അംഗങ്ങളായ പ്രദേശത്തെ അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് മരുന്ന് നല്‍കുക. മണ്ഡലത്തിലുള്ള ഒരുപാട് പേരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
കാരുണ്യയിലൂടെയാണ് കൂടുതല്‍ മരുന്നുകള്‍ ശേഖരിക്കുന്നത്. അവിടെ ലഭിക്കാത്തത് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങും. ഡോക്ടര്‍മാര്‍, മെഡിക്കല്‍ റപ്പുമാര്‍ എന്നിവരെല്ലാം മരുന്ന് നല്‍കി സഹായിക്കുന്നുണ്ട്. ഇതുവരെ രണ്ടുലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകള്‍ ആവശ്യക്കാര്‍ക്കായി എത്തിച്ചുകഴിഞ്ഞു.
ലോക്ക്ഡൗണ്‍ നീട്ടിയാല്‍ ഒരു ഓണ്‍ലൈന്‍ വഴി മരുന്നും മറ്റ് ആവശ്യസാധാനങ്ങളും എത്തിക്കാനാണ് തീരുമാനമെന്നും ഒപ്പം പ്രവര്‍ത്തകര്‍ പറഞ്ഞു. സഹായം ആവശ്യമുള്ളവര്‍ ഒരുമടിയും കൂടാതെ 9633203321, 9061473667 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഒപ്പം പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam