
കൊച്ചി: മെട്രോയിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു. സർവ്വീസ് ആരംഭിച്ച 19.06.2017 മുതൽ കഴിഞ്ഞ വ്യാഴാഴ്ച 14 വരെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. കൊവിഡ് വ്യാപനം മൂലം നിരവധി മാസങ്ങളിൽ കൊച്ചി മെട്രോ സർവ്വീസ് തടസ്സപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇതിനോടകം തന്നെ യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിടുമായിരുന്നു. 2021 ഡിസംബർ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്.
നിലവിൽ ശരാശരി 65000 പേരാണ് ദിനംപ്രതി കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്. സർവ്വീസ് ആരംഭിച്ചതിന് ശേഷം നാല് തവണയാണ് കൊച്ചി മെട്രോയിൽ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നത്. കൊവിഡിന് ശേഷം 2022 ജൂൺ പതിനേഴാം തീയതി ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 1,12,628 പേരാണ് കൊച്ചി മെട്രോയുടെ അഞ്ചാം വാർഷിക ദിനമായ ജൂൺ പതിനേഴിന് മെട്രോയിൽ യാത്ര ചെയ്തത്.
നിർമ്മാണം പൂർത്തിയായി എസ്എൻ ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ. യാത്രക്കാർക്കായി നിരവധി ഓഫറുകളാണ് കൊച്ചി മെട്രോയിൽ നിലവിലുള്ളത്. എഴുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവർക്കും എൻസിസി, സ്കൌട്ട്സ് ആൻഡ് ഗൈഡ്സ് , പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്കൌണ്ട് നിലവിലുണ്ട്.
Read more: പോക്സോ കേസ് ഇര ആറ് മാസം ഗർഭിണി; കുഞ്ഞിനെ ഉടൻ പുറത്തെടുക്കണമെന്ന് കേരള ഹൈക്കോടതി
ഭിന്നശേഷിയുള്ളവർക്ക് കൊച്ചി മെട്രോയിൽ യാത്ര സൌജന്യമാണ്. ഭിന്നശേഷിയുള്ള വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് ടിക്കറ്റിന്റെ 50 ശതമാനം മാത്രം നൽകിയാൽ മതി. രാവിലെ 6 -8 മണി വരെയും രാത്രി 8-11 മണിവരെയും യാത്രക്കാർക്കായി 50 ശതമാനം ഡിസ്കൌണ്ടും നിലവിലുണ്ട്. വിദ്യാർത്ഥികൾക്കായി 80 രൂപയുടെ ഡേ-പാസ് പദ്ധതിയും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.
Read more: കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരും; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടെന്ന് റവന്യൂ മന്ത്രി
യാത്രക്കാരുടെയും പൊതുജനങ്ങളുടെയും അഭ്യർത്ഥന മാനിച്ച് പുതുതായി പ്രതിവാര, പ്രതിമാസ പാസ്സുകളും കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്. വീക്ക്‌ലി പാസ്സിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ് ഈടാക്കുക. ഒരാഴ്ച്ചക്കാലം ഏത് സ്റ്റേഷനിൽ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്ര പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തിൽ പരിധികളില്ലാതെ ഉപയോഗിക്കാനാകും. എല്ലാ മെട്രോ സ്റ്റേഷനുകളിലെയും ടിക്കറ്റ് കൌണ്ടറിൽ ഈ യാത്രാ പാസ്സുകൾ ലഭ്യമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam