Asianet News MalayalamAsianet News Malayalam

ഗവർണറുടെ ചാൻസലർ സ്ഥാനം റദ്ദാക്കുന്ന ഓർഡിനൻസ് രാജ്‍ഭവനില്‍, ഗവര്‍ണറുടെ തുടര്‍ നടപടി നിര്‍ണായകം

 ബുധനാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗം ആണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഓർഡിനൻസ് ലഭിച്ചാൽ ഗവർണർ എന്ത് ചെയ്യും എന്നതിൽ സർക്കാരിന് ആശങ്ക ഉണ്ട്. 

ordinance to remove the governor from the post of chancellor has reached the Raj Bhavan
Author
First Published Nov 12, 2022, 11:22 AM IST

തിരുവനന്തപുരം: പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച് ഓ‌ർഡിനൻസിൽ ഗവർണര്‍ തീരുമാനമെടുക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ വെട്ടാൻ ഓ‌ർ‍ഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. വിവാദ ഓ‌ർഡിനൻസ് ഒടുവിൽ ഗവർണറുടെ കോർട്ടിൽ എത്തിയിരിക്കുകയാണ്. ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് ഓ‌ർഡിനൻസ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവനിലേക്ക് അയച്ചത്. 

ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നുമുള്ള നിലപാട് ഇതിനകം ഗവർണര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാല്‍ ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ - അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയിൽ ധാരണയുണ്ടാക്കും. സഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഓ‌ർ‍ഡിനൻസിന്‍റെ പ്രസക്തിയില്ലാതാകും. സഭാ സമ്മേളനം വിളിക്കും മുമ്പ്  ഓ‌ർഡിനൻസ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവർണര്‍ അയച്ചാൽ ബില്ലിൽ പ്രതിസന്ധിയുണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ ബില്ലിന്‍റെ കാര്യത്തിൽ പലതരത്തിലുള്ള നിയമോപദേശങ്ങൾ സർക്കാരിന് മുന്നിലുണ്ട്.

ഓർഡിൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ജനാധിപത്യപരമായി അതല്ലേ ശരി? ജനാധിപത്യ നടപടിക്രമം അനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ഓർഡിനൻസിന്‍റെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി മാധ്യമങ്ങൾ ധൃതി കാട്ടേണ്ടതില്ലെന്നും പറഞ്ഞു.

ഇന്ന് ദില്ലിക്ക് പോകുന്ന ഗവർണര്‍ ഇനി 20 നാണ് തിരിച്ചെത്തുക. പക്ഷെ അതിനിടയിലും തീരുമാനം വന്നേക്കാം. അതിവേഗമുള്ള തീരുമാനത്തിന് പകരം നിയമവിദഗ്ധരുമായി രാജ്ഭവൻ ചർച്ച നടത്തും. ഓ‌ർഡിനൻസായാലും ബില്ലായാലും ഗവർണറുടെ ഒപ്പില്ലാതെ നിയമപ്രാബല്യമില്ല. രാജ്യം തന്നെ ശ്രദ്ധിക്കുന്ന വലിയ നിയമ - രാഷ്ട്രീയ യുദ്ധത്തിലേക്കാണ് കേരളത്തിലെ തർക്കത്തിന്‍റെ പോക്ക്.

Follow Us:
Download App:
  • android
  • ios