
കൊച്ചി: വെണ്ണലിയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് (P C George) ഇന്ന് കൊച്ചി സിറ്റി പൊലീസിന് മുന്നിൽ ഹാജരാകും. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിന്‍റെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.
പി സി ജോർജിന്‍റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.
അതേസമയം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ അപേക്ഷയിൽ ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam