
തിരുവനന്തപുരം : സംസ്ഥാനത്തെ വിലക്കയറ്റം (price hike)തടയാൻ സർക്കാർ നടപടിയുമായി സംസ്ഥാന സർക്കാർ(state govt). ജയ അരി റേഷൻ കടകൾ വഴി നൽകാൻ ശ്രമം തുടങ്ങി. കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങളിൽ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം തടയാൻ നടപടി തുടങ്ങിയെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്കാണ് ഏറ്റവും വില ഉയർന്നത്.നിത്യോപയോഗ സാധനങ്ങളിൽ വില കൂടുതലായി കാണുന്നില്ല . പൂഴ്ത്തി വെയ്പ്പ് തടയാൻ മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് നിർദേശം നൽകി
വിലക്കയറ്റത്തിൽ കേന്ദ്രത്തിനുമുണ്ട് സംസ്ഥാന സർക്കാർ വിമർശനം. ഗോതമ്പ് ഒരു വർഷത്തേക്ക് ഉണ്ടാകില്ല എന്ന് കേന്ദ്രം അറിയിച്ചു .
മണ്ണെണ്ണ 40% കുറച്ചുവെന്നും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ കുറ്റപ്പെടുത്തി.
വിലക്കയറ്റം നേരിടാൻ കേന്ദ്രത്തിന്റെ കൂടുതൽ നടപടികൾ; കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കും
ദില്ലി: രാജ്യത്ത് വിലക്കയറ്റം (price hike) നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ കേന്ദ്ര സർക്കാരിന്റെ (central govt) പരിഗണനയിൽ. കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറയ്ക്കും. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
നേരത്തെ കേന്ദ്രം പെട്രോൾ, ഡീസൽ വില കുറച്ചിരുന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു.
നികുതി കുറച്ച് കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കുറവ് വരുത്തിയെങ്കിലും കേരളത്തിൽ പെട്രോൾ വിലയിൽ ആനുപാതികമായ കുറവുണ്ടായില്ല
പെട്രോളിന് എട്ട് രൂപ കേന്ദ്രം കുറച്ചപ്പോൾ 2 രൂപ 41 പൈസ കൂടി സംസ്ഥാനത്തും കുറഞ്ഞു. ഇതനുസരിച്ച് പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടതായിരുന്നുവെങ്കിലും സ്ഥാനത്ത് 9 രൂപ 40 പൈസ മാത്രമേ കുറഞ്ഞുള്ളൂ. ഇതേ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. എണ്ണകമ്പനികൾ അടിസ്ഥാന വിലകൂട്ടിയതാണ് നിരക്കിലെ വ്യത്യാസത്തിന് കാരണമെന്നാണ് കേരളത്തിന്റെ വിശദീകരണം.
115 രൂപ 20 പൈസയായിരുന്നു ശനിയാഴ്ച കൊച്ചിയിലെ പെട്രോൾ നിരക്ക്. ഇതിനുപിന്നാലെ കേന്ദ്രം കുറച്ചതും സംസ്ഥാനം വേണ്ടെന്ന് വച്ചതുമായ കണക്ക് നോക്കുമ്പോൾ 104 രൂപ 79 പൈസക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടേണ്ടതായിരുന്നു. എന്നാൽ കൊച്ചിയിലെ പമ്പുകളിൽ ഇപ്പോൾ 105 രൂപ 70 പൈസയാണ് പെട്രോളിന് ശരാശരി നിരക്ക്. പെട്രോൾ വിലയിൽ കേരളത്തിൽ നടപ്പിലായത് ആനുപാതിക കുറവാണോ അതോ കേരളം കുറച്ചത് തന്നെയാണോ എന്നതിൽ തർക്കം തുടരുന്നതിനിടെയാണ് നിരക്കിലെ വ്യത്യാസവും ശ്രദ്ധേയമാകുന്നത്.
കേന്ദ്രം പെട്രോളിന് എട്ട് രൂപ കുറച്ചതിന് പിന്നാലെ എണ്ണക്കമ്പനികൾ അടിസ്ഥാന വില കൂട്ടിയതാണ് വ്യത്യാസത്തിന് കാരണമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നത്. ശനിയാഴ്ച 79 പൈസയുടെ വർദ്ധനവാണ് വന്നത്. അതുകൊണ്ട് കേന്ദ്രം എട്ട് രൂപ കുറച്ചപ്പോഴും ജനങ്ങൾക്ക് ഏഴ് രൂപയുടെ ഇളവേ ലഭിച്ചുള്ളൂ എന്നും സംസ്ഥാനം വിശദീകരിക്കുന്നു. അതേസമയം ഡീസൽ നിരക്കിൽ ഈ വ്യത്യാസമില്ല. കേന്ദ്രം കുറച്ച 6 രൂപക്കൊപ്പം, കുറച്ചെന്ന് കേരളം അവകാശപ്പെടുന്ന 1 രൂപ 36 പൈസ കൂടി കുറഞ്ഞതോടെ ഡീസൽ വിലയിൽ 7 രൂപ 36 പൈസയുടെ വ്യത്യാസം വന്നിട്ടുണ്ട്. ഇതിനു മുമ്പും കേന്ദ്ര സര്‍ക്കാര്‍ വലിയ നികുതി ഇളവ് പ്രഖ്യാപിച്ച വേളയില്‍ എണ്ണക്കമ്പനികള്‍ അടിസ്ഥാന വിലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.
നികുതി കുറച്ചപ്പോള്‍ പെട്രോളിന്‍റെ അടിസ്ഥാന വില കൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിയെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിമര്‍ശിച്ചു. നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാക്കുന്നതാണ് എണ്ണക്കമ്പനികളുടെ തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു. ഈ രീതിയിൽ വില വർദ്ധനവ് കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽതന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയ വിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണെന്ന് ധനമന്ത്രി പ്രതികരിച്ചു.