
കോട്ടയം: അവിശ്വാസ പ്രമേയത്തിലും രാജ്യസഭാവോട്ടെടുപ്പിലും ജോസ് വിഭാഗത്തിന്‍റെ വിപ്പ് ലംഘനം വ്യക്തമാക്കി സ്പീക്കർക്ക് കത്ത് നൽകുമെന്ന് പി ജെ ജോസഫ്. നിയമസഭ കക്ഷി നേതാവ് എന്ന നിലയിലാകും കത്ത്. ജോസ് വിഭാഗം എംഎൽഎമാർ സ്വാഭാവികമായ നടപടി നേരിടേണ്ടി വരും. ഇവരുടെ രാജി വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടും. ജോസ് വിഭാഗത്തിന് മുന്നണിയിൽ തുടരാൻ അർഹതയില്ലെന്ന് യുഡിഎഫ് വ്യക്തമാക്കി കഴിഞ്ഞെന്നും പി ജെ ജോസഫ് പറഞ്ഞു. എന്നാല്‍ വിപ്പ് ലംഘനത്തില്‍ പരാതി കിട്ടിയിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
അവിശ്വാസ പ്രമേയത്തെ ചൊല്ലിയാണ് മുന്നണിയിൽ നിന്ന് പുറത്താക്കിയത് എന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമം നടക്കുന്നതായി ജോസ് കെ മാണി തിരിച്ചടിച്ചു. രണ്ട് മാസം മുമ്പ് പാര്‍ട്ടിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇതിന് ശേഷമാണ് സ്വതന്ത്ര നിലപാട് സ്വീകരിച്ചത്. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനെന്നും ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിന്‍റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎൽമാർ നിയമസഭാ നടപടികളിൽ നിന്ന് വിട്ടുനിന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അത് ജനങ്ങൾ വിലയിരുത്തുമെന്നുമായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. ഒപ്പം നിൽക്കാത്ത ജോസ് വിഭാഗത്തിനെതിരെ യുഡിഎഫിൽ ശക്തമായ വികാരമുണ്ടായിട്ടുണ്ട്. ജോസ് കെ മാണിയോട് മൃദുസമീപനം സ്വീകരിച്ച ഉമ്മൻചാണ്ടി വിഭാഗത്തിനും ഇത് തിരിച്ചടിയാണ്. ഉടൻ നടപടി സ്വീകരിക്കണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം യുഡിഎഫിന് മുന്നിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam