
തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗവർണറുടെ പ്രസംഗം പോലെ മുഖ്യമന്ത്രി എഴുതി വായിക്കുകയായിരുന്നു. എന്തൊരു ബോറൻ പ്രസംഗമായിരുന്നു. സ്പീക്കർ തന്നോട് അനീതി കാണിച്ചു. പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് സ്പീക്കർ ശ്രമിക്കുന്നത്. സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്നതിന്റെ പ്രതികാരമാണ് അദ്ദേഹം ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സഭയിൽ ഇന്നലെ സ്പീക്കർ തനിക്ക് അധികമായി അനുവദിച്ചത് 20 മിനിറ്റ് മാത്രമാണ്. മുഖ്യമന്ത്രിക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന സ്പീക്കറെയാണ് ഇന്നലെ കണ്ടത്. ഇത് എന്ത് അനീതിയാണെന്ന് സ്പീക്കറോട് ചോദിക്കുകയാണ്. സ്പീക്കർക്കെതിരായ പോരാട്ടം തുടരും. നാളെ ഒരു സ്പീക്കറും കള്ളക്കടത്തുകാരുടെ സഹായിയാവരുത്. സ്പീക്കർ പക്ഷപാതിത്വം കാണിക്കുകയാണ്. നാളെ സഭ കൂടിയാലും സ്പീക്കറെ നീക്കണമെന്ന പ്രമേയം കൊണ്ടു വരാം. എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കും.
ലൈഫ് മിഷൻ പദ്ധതിക്കു വേണ്ടി കോടിക്കണക്കിന് രൂപ റെഡ് ക്രസന്റ് പിരിച്ചിട്ടുണ്ട്. ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസിൽ ശിക്ഷിച്ചപ്പോൾ സന്തോഷിച്ച പാർട്ടിയാണ് സി പി എം. ആ സിപിഎമ്മിനു വേണ്ടിയാണ് കെ ബി ഗണേഷ് കുമാർ അഴിമതിക്കെതിരെ സംസാരിക്കുന്നത്. കേരള കോൺഗ്രസിലെ രണ്ട് എംഎൽഎമാർ മുന്നണിയെ വഞ്ചിച്ചു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam