Asianet News MalayalamAsianet News Malayalam

'പറഞ്ഞകാര്യം ജില്ലാ സെക്രട്ടറി തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലം': പന്തീരാങ്കാവ് കേസില്‍ എം കെ മുനീര്‍

മുഖ്യമന്ത്രിയും, പാർട്ടി നേതാക്കളും സംസാരിക്കുന്നത്  ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്. നിയമസഭയ്ക്ക് അകത്ത് അടക്കം യുഡിഎഫ് പറഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും മുനീര്‍ പറഞ്ഞു.

M K Muneer on P Mohanan changing his stand
Author
kozhikode, First Published Jan 23, 2020, 7:10 PM IST

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയ്ക്കും അനുകൂലമായ നിലപാട് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ തിരുത്തിയത് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം കാരണമെന്ന് എം കെ മുനീര്‍. "അലനും താഹയും തെറ്റുകാരല്ലെങ്കിൽ മാർക്സിസ്റ്റ് പാർട്ടി മറുപടി പറയേണ്ടി വരും. പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം ബിജെപി ആണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയും, പാർട്ടി നേതാക്കളും സംസാരിക്കുന്നത്  ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്". നിയമസഭയ്ക്ക് അകത്ത് അടക്കം യുഡിഎഫ് പറഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും മുനീര്‍ പറഞ്ഞു.

അലനും താഹയും സിപിഎം അംഗങ്ങള്‍ തന്നെയെന്നും ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമായിരുന്നു പി മോഹനന്‍ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍  പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു, യുഎപിഎ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും ഒരേ നിലപാടാണെന്നും മണിക്കൂറുകള്‍ക്ക് പിന്നാലെ പി മോഹനന്‍ വിശദീകരിക്കുകയായിരുന്നു.

പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി മോഹനൻ പറഞ്ഞത്. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇരുവരുടെയും ഭാഗം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനൻ വിശദീകരിച്ചു.
 

Follow Us:
Download App:
  • android
  • ios