
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തന്‍റെ പടം വെച്ചുകൊണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിൽ നിലപാട് വ്യക്തമാക്കി സിപിഎം നേതാവ് പി ജയരാജൻ. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. കണ്ണൂരിലെ പരാജയത്തിന് പിന്നാലെ പി. ജയരാജനെ ജില്ലയിലെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്ന ബോർഡാണ് അഴീക്കോട് കാപ്പിലെ പീടികയിൽ സ്ഥാപിച്ചത്. കനത്ത തോൽവിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനേയും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനേയും മാറ്റണമെന്ന് അണികൾക്കിടയിൽ വികാരം ശക്തമാണ്.
കോൺഗ്രസ്സ് പ്രത്രിസന്ധിയിലായപ്പോൾ "ഇന്ദിരയെ വിളിക്കൂ സോണിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കു" എന്ന മുദ്രവാക്യം ഉയർത്തി. അത് കോൺഗ്രസ്സ് സംസ്കാരമാണ്. അതിൽ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതിയെന്ന് ജയരാജൻ പറഞ്ഞു. സോഷ്യൽ മീഡിയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക- ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു- ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് ചിലയിടങ്ങളിൽ എന്റെ പടം വെച്ച് കൊണ്ട് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായി മനസ്സിലാക്കുന്നു. പരാജയത്തിൽ നിന്ന് നിരാശരായവർ പല തരത്തിലുള്ള പ്രതികരണങ്ങൾ നടത്തുന്നതായും കാണുന്നു. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ.എം സംസ്ഥാന കമ്മി കമ്മിറ്റി അംഗം എന്ന നിലയിൽ എന്റെ നിലപാട് വ്യക്ത മാക്കുവാനാണ് ഈ പോസ്റ്റ്. ഫ്ലക്സ് ബോർഡിലൂടെ പ്രചരണം നടത്തി മുഖ്യമന്ത്രിയാകാൻ കൊണ്ടു പിടിച്ച ശ്രമം കോൺഗ്രസ്സുകാർ നടത്തുന്നുണ്ട്. കോൺഗ്രസ്സ് പ്രത്രി സന്ധിയിലായപ്പോൾ "ഇന്ദിരയെ വിളിക്കൂ സോണിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കു" എന്ന മുദ്രവാക്യം ഉയർത്തി. അത് കോൺഗ്രസ്സ് സംസ്കാരമാണ്. അതിൽ നിന്നും വ്യത്യസ്ഥമാണ് കമ്മ്യൂണിസ്റ്റ് സംഘടന രീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റി തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.ഐ.എം. ഈ പാർട്ടി തെരത്തെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല.
ഇന്ത്യയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സംന്ദർഭങ്ങളിലും അവയെ വസ്തു നിഷ്ടമായി വിലയിരുത്താറുമുണ്ട്. വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർ നടപടികളും കൈക്കൊള്ളാറുമുണ്ട്. ഈ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവാവഹമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും.അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതു പക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്.
ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക- ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചു കൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയും കൊണ്ടുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കുക. ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിൻതുടരുക. ബംഗാളിൽ സി.പി.ഐ.എം വീണ്ടും കുതിച്ച് കയറാനുള്ള ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങി. കേരളത്തിലെ ഇപ്പോഴത്തെ പ്രതിസന്ധിയെയും അതിജീവിക്കുക തന്നെ ചെയ്യും. ലാൽ സലാം സഖാക്കളെ!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam