കൊവിഡ് കാലം ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Apr 16, 2020, 1:29 PM IST
Highlights
സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കരുതി വിമർശിക്കില്ലെന്ന് കരുതരുതെന്ന് കുഞ്ഞാലികുട്ടി. യൂത്ത് ലീ​ഗ് പ്രവർത്തകർക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
മലപ്പുറം: കെ എം ഷാജിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലീം ലീഗ്. സര്‍ക്കാറിനെ വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നായിരുന്നു മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയുടെ പ്രതികരണം. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്ത ചരിത്രം ഇടതുമുന്നണിക്കുള്ളതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്ന് കെ എം ഷാജിയും പ്രതികരിച്ചു. കൊവിഡ് കാലം ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് കരുതി വിമർശിക്കില്ലെന്ന് കരുതരുതെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. യൂത്ത് ലീഗിന്റെ വൈറ്റ് ഗാർഡുകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണ്. കെ എം ഷാജിയുടെ പ്രതികരണത്തിൽ മുഖ്യമന്ത്രി പ്രകോപിതൻ ആകേണ്ടതില്ലായിരുന്നെന്നും പ്രതിപക്ഷത്തിന്റെ പ്രവർത്തനം തകർക്കാനാവില്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

പ്രളയത്തിലെയും ഓഖിയിലെയും ഫണ്ട് വിനിയോഗിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും പഴയ പോലെ ഫണ്ട് തിരിമറി നടത്തരുതെന്ന് കരുതിയാണ് കെ എം ഷാജി പോസ്റ്റിട്ടതെന്നും കുഞ്ഞാലികുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷാജി സ്വന്തം ശൈലിയിൽ ആണ് പോസ്റ്റിട്ടത്. അത് ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതി. പ്രകോപിതനാവേണ്ട ആവശ്യമില്ലെന്നും കുഞ്ഞാലികുട്ടി വിമർശിച്ചു. 

അതേസമയം, ദുരിതാശ്വാസ ഫണ്ടിൽ നിന്നും സര്‍ക്കാര്‍ തുക വകമാറ്റി ചിലവഴിച്ചിട്ടുണ്ടെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് കെ എം ഷാജി. പിണറായി വിജയന്‍ മഴുവെറിഞ്ഞിട്ടല്ല കേരളമുണ്ടായതെന്നും പ്രതിപക്ഷത്തിന്‍റെ വാ മൂടികെട്ടാന്‍ ശ്രമിക്കേണ്ടെന്നും ഷാജി തുറന്നടിച്ചു. 
click me!