നാട്ടുകാര് ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാനല്ല, അബിൻ വർക്കിക്ക് പരിഹാസം, വിമാനത്താവള നീക്കമുണ്ടായാൽ അതിശക്ത സമരം ആറന്മുള കാണുമെന്നും പി പ്രസാദ്

Published : Jul 11, 2026, 07:27 PM IST
p prasad

Synopsis

ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ അതിശക്തമായ വിമർശനവുമായി മുൻ മന്ത്രി പി പ്രസാദ് രംഗത്ത്. അനധികൃത സർവേയെ ചോദ്യം ചെയ്ത അദ്ദേഹം, പദ്ധതിക്കെതിരെ ശക്തമായ സമരം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി നീക്കങ്ങൾക്കെതിരെ അതിശക്തമായ വിമർശനവുമായി മുൻ മന്ത്രിയും സി പി ഐ നേതാവുമായി പി പ്രസാദ് രംഗത്തെത്തി. അനധികൃത സർവേ നടത്താനും അവിടെ വിമാനത്താവള പദ്ധതി വരുമെന്ന് പ്രഖ്യാപിക്കാനും ഭൂ ഉടമ എബ്രഹാം കലമണ്ണിലിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടവും ചില ജനപ്രതിനിധികളും പുലർത്തുന്ന മൗനം ദുരൂഹമാണ്. ആറന്മുളയിലേത് ഇപ്പോഴും സർക്കാർ ഭൂമിയാണെന്നും കോടതിയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് മിച്ചഭൂമി തന്നെയാണെന്നും പറഞ്ഞ പി പ്രസാദ്, നിയമവിരുദ്ധമായ ഒരു നീക്കവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. മുമ്പ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇലക്ട്രോണിക് പാർക്ക് പദ്ധതിയുമായി ഇവർ എത്തിയിരുന്നതായും പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ചെലുത്തിയെങ്കിലും ഒരു അനുമതിയും നൽകിയിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അബിൻ വർക്കിക്ക് പരിഹാസം

കഴിഞ്ഞ പത്ത് കൊല്ലമായി കച്ചവടത്തിന്റെ ഒരു സാധ്യതയും അനുവദിച്ചുകൊടുത്തിരുന്നില്ല. പത്തുകൊല്ലം കഴിഞ്ഞപ്പോൾ ഈ വിഷയം വീണ്ടും പൊടിതട്ടിയെടുക്കുകയാണെന്നും ഇതിനെതിരെ ആറന്മുളയിൽ അതിശക്തമായ സമരം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഏത് എം എൽ എയോ എം പിയോ പിന്തുണച്ചാലും വിമാനത്താവള പദ്ധതി നടക്കാൻ പോകുന്നില്ലെന്നും പ്രസാദ് ഉറപ്പിച്ചുപറഞ്ഞു. നാട്ടുകാര് ജയിപ്പിച്ചത് കച്ചവടക്കാരൻ ആകാൻ അല്ലെന്ന് ആറന്മുള എം എൽ എ അബിൻ വർക്കിയെ പരിഹസിക്കുകയും ചെയ്തു.

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും തലപൊക്കുന്നു

ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ എത്തിച്ച് ഇന്നലെ ഭൂ ഉടമ എബ്രഹാം കലമണ്ണിൽ ആറന്മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും ഡ്രോൺ സർവ്വേ നടത്തിയതോടെയാണ് വിവാദവും കനത്തത്. ആറന്മുള എം എൽ എ അബിൻ വർക്കിയും ആന്റോ ആൻറണി ഉൾപ്പെടെ പുതിയ യു ഡി എഫ് സർക്കാർ പദ്ധതിക്ക് അനുകൂലം എന്നും കലമണ്ണിൽ അവകാശപ്പെട്ടു. രണ്ടാംഘട്ട സർവേക്കായി കമ്പനി വീണ്ടും എത്തുമെന്നും നിലവിൽ പദ്ധതി മേഖലയിൽ തന്റെ 400 ഏക്കർ ഭൂമിയുണ്ടെന്നും അദ്ദേഹം വിവരിച്ചു. ഇനി ആയിരം ഏക്കർ കൂടി കണ്ടെത്തണം. ആരെയും കുടിയൊഴിപ്പിക്കാതെയും ആറന്മുള ക്ഷേത്രത്തെ ബാധിക്കാതെയുമാകണം പദ്ധതി യാഥാർത്ഥ്യമാക്കം. ഇക്കാര്യങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്താനാണ് സർവ്വേ നടത്തിയത് എന്നും എബ്രഹാം കലമണ്ണിൽ വിവരിച്ചു. 2004 ലാണ് എബ്രഹാം കലമണ്ണിൽ വിമാനത്താവള പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങിയത്. വി എസ് സർക്കാരിന്റെ കാലത്ത് തത്വത്തിൽ അനുമതി ലഭിച്ചു. 2011 ൽ ഉമ്മൻചാണ്ടി സർക്കാർ വന്നതോടെ പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചു. പിന്നീട് ആറന്മുളയിൽ ഉണ്ടായത് വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. 2014 മെയ് മാസത്തിൽ ഹരിത ട്രിബ്യൂണൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി റദ്ദാക്കി. സുപ്രീംകോടതി ഹരിത ട്രിബ്യൂണലിന്‍റെ നിലപാട് ശരിവെച്ചതോടെ നടപടികൾ എല്ലാം മുടങ്ങി. ഭൂ ഉടമ എബ്രഹാം കലമണലിന്റെ കയ്യിലുള്ള ഭൂമിയടക്കം മിച്ച ഭൂമിയായും പ്രഖ്യാപിച്ചു. ഇതിന് എതിരായ കേസുകൾ ഹൈക്കോടതിയിൽ നടക്കുന്നു. ഈ മാസം 16 ന് കേസ് പരിഗണിക്കുന്നുമുണ്ട്. സർക്കാർ അംഗീകൃത ഏജൻസി എത്തിച്ച വീണ്ടും പാരിസ്ഥിതിക സർവ്വേ നടത്താനുള്ള നീക്കം റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണയിൽ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് അറിവ്. അതേസമയം പദ്ധതി മേഖലയിലെ ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിഹരിക്കുക എളുപ്പമല്ല. പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെ ശക്തമായി എതിർക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് കാരണം കാണിക്കൽ നോട്ടീസ്, വിതരണം ചെയ്ത ആഹാര സാധനങ്ങളിൽ പലതും അഴുകിയത്, കാലാവധി കഴിഞ്ഞത്
ഡിവൈഎഫ്ഐ പ്രവർത്തകനെ ഡ്രൈവറായി നിയമിച്ചോ? ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി കെ.എ. തുളസി