ദേശീയ പണിമുടക്കുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

By Web TeamFirst Published Jan 7, 2020, 11:39 AM IST
Highlights

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. 

കോഴിക്കോട്:  ജനുവരി എട്ട് ബുധനാഴ്ചനടക്കുന്ന ദേശീയ പണിമുടക്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സഹകരിക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസറൂദീനാണ് ഇക്കാര്യം അറിയിച്ചത്. പണിമുടക്കുമായും വ്യാപാരികള്‍ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും കോഴിക്കോട് മാധ്യമങ്ങളെ കണ്ട ടി.നസറൂദ്ദീന്‍ അറിയിച്ചു. 

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയല്ല പണിമുടക്കെന്നും അതുകൊണ്ടാണ് സഹകരിക്കാത്തതെന്നും നസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 

സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരേയും ടൂറിസം മേഖലകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീർത്ഥാടനത്തിന് പോകുന്ന വാഹനങ്ങള്‍ക്കും പണിമുടക്ക് ബാധകമാകില്ല. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് പണിമുടക്കുമായി സഹകരിക്കുന്നില്ല. 

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക,  തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്. സർക്കാർ, പൊതുമേഖലാ ,ബാങ്ക് - ഇൻഷുറൻസ് ജീവനക്കാർ സമരത്തില്‍ പങ്കെടുക്കും.

click me!