നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്കാരം

By Web TeamFirst Published Jan 25, 2020, 7:34 PM IST
Highlights

കോട്ടയം മൂഴിക്കല്‍ സ്വദേശിനിയും നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്കാരം.

ദില്ലി: 71-ാം റിപ്പബ്ളിക് ദിനാഘോഷത്തിന് മുന്നോടിയായി പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കോട്ടയം മൂഴിക്കല്‍ സ്വദേശിയും നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കല്‍ പങ്കജാക്ഷിക്ക് പത്മപുരസ്കാരം ലഭിച്ചു. 

അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് പങ്കജാക്ഷിയമ്മ. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ നിലവില്‍ കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന പങ്കജാക്ഷിയമ്മ അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്കാരം നല്‍കിയിരിക്കുന്നത്. 

കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്. മഹാഭാരതവും രാമായണവും സാമൂഹ്യജീവിതത്തില്‍ നിന്നും എടുത്ത കഥകളുമെല്ലാം നോക്കുവിദ്യ പാവകളിയില്‍ അരങ്ങേറുന്നത്.  

click me!