
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് തിരിച്ചെത്തിക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വാർത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. നമുക്കും ഉണ്ട് സുഹൃത്തുക്കൾ. പക്ഷെ ഷാഫി രാഹുൽ സൗഹൃദം ആണ് സൗഹൃദം. കാഞ്ചനയ്ക്ക് മൊയ്ദീനോട് ഉണ്ടായിരുന്നതിനേക്കാൾ വലിയ ആത്മബന്ധം ആണല്ലോ ഷാഫിയ്ക്ക് രാഹുലിനോട് ഉള്ളതെന്നും ബ്ലാക്‌മെയ്ൽ ഒന്നും അല്ലല്ലോ അല്ലേയെന്നും പദ്മജ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം.
അതേസമയം, ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് നീക്കം. സംഭവത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്നലെ വടകരയില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.