മാണി സി കാപ്പൻ ദില്ലിയിൽ, പ്രതീക്ഷയോടെ യുഡിഎഫ്; മുതലെടുപ്പ് രാഷ്ട്രീയമെന്ന് പിണറായി വിജയൻ

By Web TeamFirst Published Feb 9, 2021, 9:41 AM IST
Highlights

പാലാ കേരളാ കോണ്‍ഗ്രസിന് തന്നെയെന്നുള്ള വ്യക്തമായ സൂചന നല്‍കിയാണ് പിണറായി വിജയൻ ജില്ലാ സെക്രട്ടേറിയേറ്റില്‍ സംസാരിച്ചത്

കോട്ടയം: എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മാണി സി കാപ്പൻ വീണ്ടും ദില്ലിയിൽ. ശരദ് പവാറുമായി ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും.  ഐശ്വര്യ കേരള യാത്ര കോട്ടയത്തെത്തുമ്പോൾ കാപ്പൻ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിപിഎം ജില്ലാ  സെക്രട്ടേറിയറ്റിൽ കാപ്പനെ മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചു. പാലായില്‍ യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ചിലര്‍ നടത്തുന്ന പ്രചരണങ്ങളില്‍ ഇടത് മുന്നണി നേതാക്കള്‍ വീഴരുതെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി പറഞ്ഞു.

പാലാ കേരളാ കോണ്‍ഗ്രസിന് തന്നെയെന്നുള്ള വ്യക്തമായ സൂചന നല്‍കിയാണ് പിണറായി വിജയൻ ജില്ലാ സെക്രട്ടേറിയേറ്റില്‍ സംസാരിച്ചത്. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങും മുൻപേ ചിലര്‍ തെറ്റായ പ്രചാരണം നല്‍കി വിവാദമുണ്ടാക്കി, അത് കൊഴുപ്പിച്ചെന്ന് മാണി സി കാപ്പന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് യുഡിഎഫിനെ സഹായിക്കുന്ന തരത്തിലായിപ്പോയി. അവസരം കിട്ടിയെന്ന് കരുതി മുതലെടുക്കാൻ ശ്രമിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പൻ മത്സരിക്കുമെന്ന കാര്യം ജില്ലയിലെ സിപിഎം നേതാക്കള്‍ ഉറപ്പിക്കുന്നു. പക്ഷേ രക്തസാക്ഷി പരിവേഷത്തോടെ കാപ്പൻ പുറത്ത് പോയാല്‍ ക്ഷീണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രസ്താവന കാപ്പന് അനുകൂലമായേക്കാം. ഇത് മുന്നില്‍ കണ്ട് പാലായില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ദില്ലിയിലുള്ള ജോസ് കെ മാണി മടങ്ങിയെത്തിയാൽ ഉടൻ പാലായില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. രമേശ് ചെന്നിത്തലയുടെ കേരള യാത്ര വരുന്ന ഞാറാഴ്ച കോട്ടയത്ത് എത്തുമ്പോള്‍ കാപ്പനും കൂടെയുണ്ടാകുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. ഉടൻ തീരുമാനമെടുക്കാൻ കാപ്പന് മേല്‍ യുഡിഎഫ് സമ്മര്‍ദ്ദവുമുണ്ട്. അതുകൊണ്ട് ഇന്ന് തന്നെ ശരദ്പവാറിനെ കണ്ട് ഒരു തീരുമാനമുണ്ടാക്കാനാണ് മാണി സി കാപ്പന്‍റെ നീക്കം.

click me!