
പാലക്കാട്: പാലക്കാട് പൊൽപുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാം അപകട കാരണമെന്ന നിഗമനത്തിൽ മോട്ടോർ വാഹന വകുപ്പ്. പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാമെന്നും വാഹനം സ്റ്റാർട്ട് ചെയ്‌തപ്പോൾ സ്പാർക്ക് ഉണ്ടായി തീ പെട്രോൾ ടാങ്കിലേക്ക് പടർന്നതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് സാധ്യത പരിശോധിക്കുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2002 മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ പോസ്റ്റ‌്‌മോർട്ടം ഇന്ന് നടക്കും. 6 വയസുകാരൻ ആൽഫ്രഡ്, 4 വയസുകാരി എമലീന എന്നിവരുടെ മൃതദേഹം ഇന്നലെ രാത്രിയോടെ പാലക്കാട് ജില്ല ആശുപതി മോർച്ചറിയിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. കുട്ടികളുടെ സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും. ഇവർക്കൊപ്പം പരിക്കേറ്റ അമ്മ എൽസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 40% പൊള്ളലേറ്റ മൂത്തമകളും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എൽസിയുടെ അമ്മ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.