യുവതി പരാതി നൽകിയത് തെളിവുകൾ സഹിതം; ഇഎൻ സുരേഷ് ബാബു പുറത്തേക്കോ? പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കും

Published : Oct 05, 2026, 07:29 AM ISTUpdated : Oct 05, 2026, 11:40 AM IST
en suresh babu

Synopsis

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ.എൻ സുരേഷ് ബാബുവിനെതിരെ പാർട്ടി കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് സാധ്യത.

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നു. യുവതിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിൽ സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം.

അതേസമയം, തിരുത്തലിൻ്റെ ഭാഗമായാണ് സുരേഷ് ബാബുവിനെ മാറ്റിയതെന്ന് പറയുമ്പോഴും പരാതി കിട്ടിയെന്ന് സ്ഥിരീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറായില്ല. ഏപ്രിലിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കുവാൻ വനിത അഭിഭാഷക പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ ഇഎൻ സുരേഷ് ബാബു ലൈം​ഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. ഒരു വർഷത്തോളമായി ഫോണിലും പുറത്തും ശല്യപ്പെടുത്തൽ തുടർന്നതോടെയാണ് ഡിജിറ്റൽ തെളിവ് സഹിതം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് യുവതി പരാതി നൽകിയത്. തുടക്കത്തിൽ പ്രശ്‌നം ഒതുക്കി തീർക്കാൻ ശ്രമം ഉണ്ടായെങ്കിലും പൊലീസിൽ പരാതി നൽകുമെന്ന് യുവതി നിലപാട് കടുപ്പിച്ചു. ഇതോടെ ദിവസങ്ങൾക്ക് മുമ്പ് സുരേഷ് ബാബുവിനെ പിണറായി വിജയൻ കോഴിക്കോട്ടേക്ക് നേരിട്ട് വിളിച്ചു വരുത്തി. പരാതി വായിച്ചു കേൾപ്പിച്ചപ്പോൾ സുരേഷ് ബാബു നിഷേധിച്ചു. അപ്പോഴാണ് വാട്സ് ആപ് വീഡിയോ കോളിലൂടെ നടത്തിയ അശ്ലീല ദൃശ്യങ്ങൾ സുരേഷ് ബാബുവിനെ കാണിച്ചത്. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ലൈംഗിക പരാതിയുടെ പേരിൽ മാറ്റിയെന്ന് പുറത്തു വരരുതെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടെന്നാണ് വിവരം.

സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം എന്നത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഗുരുതരമായ പരാതിയായതിനാലാണ് സെക്രട്ടറി സ്ഥാനത്ത് നിന്നാ നീക്കാൻ നേതൃത്വം നിർബന്ധിതരായത്. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടു പോയാൽ പികെ ശശിയുടെ വിഷയത്തിൽ ഉണ്ടായതു പോലെ പാർട്ടിയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാകുമെന്ന അഭിപ്രയം മുതിർന്ന നേതാക്കൾക്കുണ്ട്. പി ശശിയ്ക്കും ഗോപി കോട്ട മുറിയ്ക്കലിനുമെതിരെ സമാനമയ പരാതി വന്നപ്പോൾ എടുത്ത നടപടി സുരേഷ് ബാബുവിനെതിരെയും ഉണ്ടാകണമെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. പരാതി പൂഴ്ത്തിവെക്കാതെ പൊലീസിന് കൈമാറി നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി നഗരത്തിൽ സുരേഷ് ബാബുവിൻ്റെ കോലവുമായി പ്രധിഷേധ പ്രകടനം നടത്തി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നപ്പോൾ അതിശക്തമായി പ്രതികരിച്ച നേതാവാണ് സുരേഷ് ബാബു. അന്ന് പാർട്ടിക്ക് കിട്ടിയ പരാതി കെപിസിസി പ്രസിഡന്റ് പൊലീസിന് നൽകിയിരുന്നു. അതേ മാതൃക പിന്തുടരാൻ സിപിഎം തയ്യാറാകുമോ എന്നതാണ് ചോദ്യം.

ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി ചെന്താമരാക്ഷനെ നിയമിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിൽ അപ്രതീക്ഷിത പ്രതിസന്ധി, സ്പോട്ട് ബുക്ക് ചെയ്യുന്ന പലരും ദർശനത്തിനെത്തുന്നില്ല; പരിശോധിക്കുമെന്ന് മന്ത്രി
'പാർട്ടി അഭിപ്രായം ചോദിച്ചിട്ടില്ല, വ്യക്തിപരമായ അഭിപ്രായം പുറത്ത് പറയാനില്ല'; പത്മജയുടെ തിരിച്ചു വരവിൽ പ്രതികരിക്കാനില്ലെന്നാവർത്തിച്ച് കെ മുരളീധരൻ