
പാലക്കാട്: ജില്ലാ ജഡ്ജി ഇടപെട്ട് ഫ്ളാഷ്മോബിന്‍റെ ശബ്ദം കുറപ്പിച്ച സംഭവം വിവാദമായി. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്ളാഷ് മോബിന്‍റെ ശബ്ദമാണ് ജില്ലാ ജഡ്ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്. ഇന്നലെ കളക്ട്രേറ്റിൽ നടന്ന പരിപാടിയുടെ ശബ്ദമാണ് കുറപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ആയിരുന്നു പരിപാടി. പാലക്കാട് മേഴ്സി കോളേജിലെ വിദ്യാർത്ഥിനികളാണ് 15 മിനിറ്റുള്ള പരിപാടി അവതരിപ്പിച്ചത്. ഫ്ലാഷ് മോബ് തുടങ്ങിയപ്പോൾ തന്നെ ജില്ലാ കോടതിയിൽ നിന്നും ജീവനക്കാരെത്തി ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു.ശബ്ദം സമീപത്തുള്ള കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തുടക്കം മുതലേ ശബ്ദം കുറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വിദ്യാർത്ഥിനികൾ പറയുന്നു ജില്ലാ ജഡ്ജി ഇടപെട്ട് മുൻപ് നൃത്ത പരിപാടിയുടെ ശബ്ദം കുറപ്പിച്ചത് വിവാദമായിരുന്നു. അന്ന് വലിയ പ്രതിഷേധങ്ങള്‍ക്കും സംഭവം വഴിവച്ചിരുന്നു.
അന്ന് നീനാ പ്രസാദിന്‍റെ നൃത്തം, ഇന്ന് ഫ്ലാഷ്മോബ്...
നര്‍ത്തകി നീനപ്രസാദിന്‍റെ നൃത്ത പരിപാടിയാണ് ജില്ലാ ജഡ്ജിയുടെ ആവശ്യപ്രകാരം പൊലീസ് നിര്‍ത്തിവെപ്പിച്ചത്. പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ നടന്ന മോഹിനിയാട്ട കച്ചേരിയാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. സ്കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്ജി കലാംപാഷയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നര്‍ത്തകി നീന പ്രസാദ് ആരോപിക്കുകയായിരുന്നു.
ജില്ലാ ജഡ്ജിക്ക് ശബ്ദംകാരണം ബുദ്ധിമുട്ടുണ്ടായതോടെയാണ് സംഘാടകരോട് പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടതെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും നീനാ പ്രസാദ് പറഞ്ഞു. അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീനാപ്രസാദ് ആരോപിക്കുന്നു. നീന പ്രസാദിന്‍റെ അന്നത്തെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....
"ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തി, 6 വർഷം സംഗീതം പഠിച്ചു" അന്ന് ജഡ്ജി പറഞ്ഞത്...
നൃത്തം തടസപ്പെടുത്തിയതിൽ പങ്കില്ലെന്നായിരുന്നു ജില്ലാ ജഡ്ജി കലാം പാഷയുടെ വിശദീകരണം. താൻ ആറ് വർഷം കർണാടക സംഗീതം പഠിച്ചിട്ടുണ്ടെന്നും ഭരതനാട്യത്തിൽ അരങ്ങേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതപരമായ കാരണങ്ങളാൽ നൃത്തം തടസപ്പെടുത്തിയെന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്ന് പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റിനയച്ച കത്തിൽ ജഡ്ജി വ്യക്തമാക്കി. താനല്ല, തന്റെ ജീവനക്കാരനാണ് ശബ്ദം കുറയ്ക്കാൻ ഡിവൈഎസ്‌പിയോട് ആവശ്യപ്പെട്ടത്. കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. ബാർ അസോസിയേഷന്റെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നത് എന്ന് അറിയാമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ കോടതി വളപ്പിനുള്ളില്‍ വരെ പ്രതിഷേധം അരങ്ങേറിയിരുന്നു. കോടതി വളപ്പിലെ പ്രതിഷേധത്തിനെതിരെ ജില്ലാ ജഡ്ജി കത്തിൽ തന്റെ നിലപാട് വ്യക്തമാക്കി . കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും ജീവനക്കാർക്ക് അലോസരമുണ്ടാക്കുന്നതും ഒഴിവാക്കപ്പെടണം എന്നും കത്തിലുണ്ടായിരുന്നു.