
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച. മുടപ്പല്ലൂ൪ സ്വദേശി സിബി മാത്യൂസിന്റെ വീട്ടിൽ നിന്നും കള്ളൻ കവർന്നത് 23 പവൻ സ്വർണം. പ്രതിക്കായി അന്വേഷണം ഊ൪ജ്ജിതമാക്കിയതായി വടക്കഞ്ചേരി പൊലീസ് അറിയിച്ചു. വീടിനോട് ചേ൪ന്ന കുടിവെള്ള ടാങ്കിൽ ബക്കറ്റ് കമഴ്ത്തി, അതിനു മുകളിൽ കയറി സൺ ഷെയ്ഡിലെത്തി, മുകൾ നിലയിലെ വാതിൽ കുത്തിപ്പൊളിച്ചാണ് വീടിനുള്ളിലേക്ക് കടന്നത്. താഴത്തെ നിലയിലെ കിടപ്പുമുറിയുടെ വാതിലും തല്ലിപ്പൊളിച്ച ശേഷം അലമാരയിൽ സൂക്ഷിച്ച 23 പവൻ സ്വ൪ണം കവരുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരക്കും രാത്രി ഒമ്പതരയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. സ്വകാര്യ സ്ഥാപനത്തിലെ മാനേജരായ സിബി വൈകിട്ട് 5.30 ഓടെ വടക്കഞ്ചേരിയിലേക്കും ഭാര്യ ബന്ധുവീട്ടിലേക്കും വീട് പൂട്ടിയിറങ്ങി. രാത്രി 9 മണിയോടെ ഭാര്യയ്ക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്.
ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, തുടങ്ങിയവർ സ്ഥലത്തെത്തി. പോലീസ് നായ മണം പിടിച്ച് വീടിന്റെ പിൻവശത്തെ മതിൽ ചാടി കടന്ന് അല്പ ദൂരം പോയ ശേഷം നിന്നു. സമീപത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടുമാസം മുൻപ് സമീപത്തെ മറ്റൊരു വീട്ടിലും സമാന രീതിയിൽ മോഷണം നടന്നിരുന്നു. പൂട്ടിയിട്ട വീട്ടിൽ നിന്നും അന്ന് 13 പവനും 8500 രൂപയും വിലപിടിപ്പുള്ള വാച്ചുമാണ് നഷ്ടപ്പെട്ടത്. എന്നാൽ പ്രതിയെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam