ആരോഗ്യപ്രവർത്തകരിൽ കൊവിഡ് പടരുന്നു, സമ്പർക്കത്തിലൂടേയും രോഗബാധ: ആശങ്കയോടെ പാലക്കാട്

By Web TeamFirst Published Jun 9, 2020, 8:18 PM IST
Highlights

ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കൊപ്പം മറ്റ് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാർക്കും സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം കൂടുകയാണ്.

പാലക്കാട്:കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെയുളള രോഗബാധ സ്ഥിരീകരിച്ചതോടെ  പാലക്കാട് ആശങ്കയില്‍. ചൊവ്വാഴ്ച സ്ഥിരീകരിച്ച പതിനാലിൽ നാലുപേർക്കും  സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 172 ആയി.

ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കൊപ്പം മറ്റ് സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാർക്കും സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം കൂടുകയാണ്. ഏറ്റവുമൊടുവിൽ ചെർപ്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രണ്ടുജീവനക്കാർക്കും വാളയാറിലെ ചെക്പോസ്റ്റ് ജീവനക്കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഒരാഴ്ചക്കിടെ പാലക്കാട് ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചെർപ്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗബാധയെത്തുടർന്ന് ആശുപത്രി അടച്ചു. മറ്റ് ജീവനക്കാർ നിരീക്ഷണത്തിലായി. ഓഫീസ് ക്ലർക്കിനും ശുചീകരണ വിഭാഗം ജീവനക്കാരിക്കുമാണിവിടെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ ഇവരുടെ രോഗ കാരണത്തിനുളള ഉറവിടം വ്യക്തമായിട്ടില്ല. 

സമ്പർക്കം മൂലം രോഗബാധ ഏറ്റവുമധികം ഉണ്ടായ ഇടങ്ങളിലൊന്നാണ് പാലക്കാട്. ജില്ലയിൽ 35 പേർക്ക് ഇത്തരത്തിൽ രോഗബാധയുണ്ടായെന്നാണ് കണക്ക്. ഇതിൽ പലരുടെയും ഉറവിടം വ്യക്തമാകാത്തത് കൂടുതൽ രോഗപ്പകർച്ചയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയുമുണ്ട്. സാമൂഹിക വ്യാപനമെന്ന ആശങ്ക നിലവിൽ ഇല്ലെന്നും രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ കർശന നിരീക്ഷണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.  വിദേശത്തുനിന്ന്  വന്ന നാലുപർക്കും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറുപേർക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

click me!