പാലക്കാട്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പാലക്കാട് നഗരസഭയിൽ ബിജെപി അംഗം കെ പ്രിയ അധ്യക്ഷയാകും. വൈസ് ചെയർമാൻ സ്ഥാനം ബിജെപി അംഗമായ ഇ കൃഷ്ണദാസിനാണ്. പാർട്ടിയിൽ ആര് നഗരസഭാ അധ്യക്ഷനാകണമെന്നതിൽ ഇന്നലെ വോട്ടെടുപ്പ് അടക്കം നടന്നെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ രാവിലെ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ധാരണയായത്.
കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും ഗ്രൂപ്പ് വഴക്ക് പാലക്കാട്ട് ബിജെപിയിൽ കീറാമുട്ടിയായി തുടരുകയായിരുന്നു. ചെയർ പേഴ്സൺ, വൈസ് ചെയർമാൻ പ്രഖ്യാപനതിൽ അനിശ്ചിതത്വവും സസ്പെൻസും നിലനിന്നു.
ബിജെപി നേതാവ് ജോർജ് കുര്യന്‍റെ നേതൃത്വത്തിൽ നഗരസഭയിലെ കൗൺസിലർമാരുടെ വോട്ടെടുപ്പ് നടത്തിയിരുന്നു. കൗൺസിലർ ടി ബേബിക്കാണ് ചെയർ പേഴ്സൺ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ശോഭാസുരേന്ദ്രന്‍റെ അടുത്ത അനുയായി സ്മിതേഷിനാണ് കൂടുതൽ പിന്തുണ കിട്ടിയത്. എന്നാൽ ഇത് അംഗീകരിക്കാൻ ഒരു വിഭാഗം തയ്യറായില്ല. സമവായത്തിലെത്താൻ സംസ്ഥാന നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് സംഘടന ചുമതലയുള്ള ദേശീയജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം വിടുകയായിരുന്നു. ഓരോ കൗൺസിലർമാരിൽ നിന്നും എന്നും ബിജെപി ജില്ലാ നേതാക്കളിൽ നിന്നും വരെ അഭിപ്രായം എടുത്ത ശേഷം ഇന്ന് രാവിലെ പാർലമെന്‍ററി പാർട്ടി യോഗം ചേർന്നു. ഒടുവിലാണ്, ഇരുപദവികളിലും സമവായമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam