
പാലക്കാട്: പാലക്കാട് കല്ലടിക്കോട് അയവാസിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം വെടിയുതിർത്ത് മരിച്ച ബിനു ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കെന്ന് പൊലീസ്. ഇയാളുടെ അരയിലെ പൗച്ചിൽ നിന്ന് 17 വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്. ബിനു നാടൻ തോക്കുപയോഗിച്ച് കാട്ടുപന്നികളെ വ്യാപകമായി പിടിച്ചിരുന്നു. ബിനു നിതിന്‍റെ വീട്ടിൽ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും പൊലീസ് പറഞ്ഞു. ഇരുവരും നേരത്തെ നല്ല സൗഹൃദത്തിലായിരുന്നു. അമ്മയെ കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് ബിനുവും നിതിനും തമ്മില്‍ തർക്കത്തിന് കാരണമെന്നാണ് സൂചന.
ഇന്നലെ ഉച്ചയ്ക്ക് പ്രദേശത്ത് രണ്ട് തവണ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്. യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് ജില്ലാ ആശുപത്രിയിൽ നടക്കും. നെഞ്ചിൽ വെടിയുണ്ട തുളച്ചു കയറി രക്തം വാർന്നനിലയിലായിരുന്നു ബിനുവിൻ്റെ മൃതദേഹം. തൊട്ടരികെ നാടൻ തോക്കും. പ്രദേശവാസിയായ യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തുകയായിരുന്നു. പരിശോധനക്കിടെയാണ് തൊട്ടടുത്ത വീടിൻ്റെ സിറ്റൗട്ടിൽ ഇടതുകയ്യിൽ കത്തിയുമായി മലർന്നു കിടക്കുന്ന നിതിൻ്റെ മൃതദേഹവും കണ്ടെത്തിയത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ബിനു തോക്കുമായെത്തി, വീടിനകത്തുകയറിയതും പ്രതിരോധം തീർക്കാൻ നിതിൻ കത്തിയുമായെത്തും മുമ്പെ വെടിയുതിർത്തതാകാമെന്നാണ് പൊലീസ് പറയുന്നത്.
12 വർഷം മുമ്പാണ് നിതിനും അമ്മയും സഹോദരനും മരുതംകാട് മൂന്ന് സെൻ്റ് ഭൂമി വാങ്ങി വീടുവെച്ചത്. അച്ഛൻ മരിച്ചതോടെ അമ്മ കൂലിപ്പണി ചെയ്തു കിട്ടുന്ന തുകയാണ് ഏകവരുമാനം. കൊല്ലപ്പെട്ട നിതിൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ബീഡിയും സിഗരറ്റും വാങ്ങാൻ വേണ്ടി മാത്രം. പതിവുപോലെ ഇന്നലെയും അടുത്തുള്ള കടയിൽ ബീഡി വാങ്ങാനെത്തി. ടാപ്പിങ്ങ് തൊഴിലാളിയാണ് മരിച്ച ബിനു. നിതിൻ്റെ വീടിന് 200 മീറ്റർ അകലെയാണ് താമസം. ഒന്നര വർഷം മുമ്പ് അമ്മ മരിച്ചതോടെ ഒറ്റയ്ക്ക് ജീവിതം. രാവിലെ കല്ലടിക്കോട് നിന്നും ജോലി കഴിഞ്ഞ് ഭക്ഷണവും കഴിച്ചാണ് ബിനു വീട്ടിലേക്ക് മടങ്ങിയത്.
ഫോറൻസിക്, ഡോഗ് സ്‌ക്വാഡ് സംഘം ഇന്നലെ സ്ഥലത്ത് പരിശോധന നടത്തി. ബിനു നിതിനെ എന്തിന് കൊന്നു. ബിനുവിന് നാടൻ തോക്ക് എവിടുന്നുകിട്ടി, തുടങ്ങി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണം. ദുരൂഹത നീക്കാൻ ഇരുവരുമായും ബന്ധമുള്ളവരുടെ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam