വീട് വേണം; അവഗണിക്കരുത്, ദളിത് കുടുംബങ്ങളുടെ 102 ദിവസത്തെ സമരം! ഒടുവിൽ ഒത്തുതീർപ്പ്

By Web TeamFirst Published Jan 21, 2022, 3:21 PM IST
Highlights

സ്വന്തമായൊരു തുണ്ട് ഭൂമിക്കും വീടിനും വേണ്ടി സര്‍ക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തപ്പോഴാണ് അംബേദ്കർ കോളനിയിലെ 36 ദളിത് കുടുംബങ്ങൾ സമരത്തിലേക്ക് നീങ്ങിയത്. 

പാലക്കാട്:  മുതലമട അബേദ്ക്കർ കോളനിയിലെ ദളിത് കുടുംബങ്ങൾ വീടിന് വേണ്ടി 102 ദിവസമായി നടത്തി വന്ന സമരം ഒത്തു തീര്‍പ്പായി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമരം അവസാനിച്ചത്. സ്വന്തമായൊരു തുണ്ട് ഭൂമിക്കും വീടിനും വേണ്ടി സര്‍ക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്തപ്പോഴാണ് അംബേദ്കർ കോളനിയിലെ 36 ദളിത് കുടുംബങ്ങൾ സമരത്തിലേക്ക് നീങ്ങിയത്. 

സര്‍ക്കാരിന്റെ ഭവന പദ്ധതികളിൽ നിന്നും ചക്ലിയ വിഭാഗക്കാരെ പഞ്ചായത്ത് അധികൃതർ ബോധപൂർവ്വം ഒഴിവാക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. 94 ദിവസം മുതലമട പഞ്ചായത്തിന് മുന്നിലും 8 ദിവസമായി പാലക്കാട് കളക്ട്രേറ്റ് പടിക്കലുമായാണ് സമരം നടത്തിയത്. മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയുമൊക്കെയുള്ള പ്രതിഷേധം മുറുകിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.  ഇതോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി മുൻകയ്യെടുത്തു ചര്‍ച്ച നടത്തിയത്. വിഷയത്തിൽ  മന്ത്രി കെ രാധാകൃഷ്ണനുമായി പാര്‍ട്ടി മുൻകയ്യെടുത്ത് ചർച്ച നടത്തുമെന്നും ജില്ലാ സെക്രട്ടറി സമരക്കാർക്ക് ഉറപ്പ് നൽകി.
 
സിപിഎം നൽകിയ ഉറപ്പ് വിശ്വാസത്തിലെടുത്ത് സമരം അവസാനിപ്പിക്കുന്നതായി സമരസമിതിയും അറിയിച്ചു. എന്നാൽ അറിയിച്ച സമയത്തിനുള്ളിൽ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ ശക്തമായ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്നും സമരസമിതി വ്യക്തമാക്കി.

ഭവനപദ്ധതികളില്‍ നിന്ന് ഒഴിവാക്കുന്നു; ശയനപ്രദക്ഷിണം നടത്തി പാലക്കാട് പ്രതിഷേധം- വീഡിയോ


 

click me!