
കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായിട്ടും കെ റെയിൽ വിശദീകരണ യോഗങ്ങളും പാർട്ടി സമ്മേളനങ്ങളുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കൊവിഡ് നിയന്ത്രണങ്ങളോട് ജനം സഹകരിക്കുന്നുണ്ടെന്നും സിപിഎമ്മാണ് സഹകരിക്കാതിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം സമ്മേളനങ്ങൾ മാറ്റാതെ പിടിവാശി കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് സലാം ചോദിച്ചു. കാസർകോട് ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവ് പോലും സിപിഎം സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചു. ജനങ്ങൾക്ക് ഒരു നിയമവും സിപിഎമ്മുകാർക്ക് മറ്റൊരു നിയമവുമാണ് കേരളത്തിൽ. ആദ്യം ജനങ്ങളുടെ ജീവൻ രക്ഷിക്കണം, പിന്നീടാവാം കെ റെയിൽ എന്നും ഇപ്പോൾ സർക്കാർ നടത്തുന്ന കെ റെയിൽ വിശദീകരണ യോഗങ്ങളെ വിമർശിച്ച് അദ്ദേഹം പറഞ്ഞു.
ഇതെല്ലാം സർക്കാരിന്റെ ധിക്കാരമാണെന്ന് പിഎംഎ സലാം കുറ്റപ്പെടുത്തി. സിപിഎം ലംഘിച്ചാൽ ബാക്കിയുള്ളവരും ലംഘിക്കും. സിപിഎം സമ്മേളനങ്ങൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട സലാം സംസ്ഥാന സർക്കാരിനെ സിപിഎം നേതാക്കൾ നിയന്ത്രിക്കുകയാണെന്നും കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam