'ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണ'; കുടുംബത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി ബിജെപി

By Web TeamFirst Published Aug 16, 2022, 10:32 AM IST
Highlights

ഞങ്ങൾക്ക് ഒരു കൊടി പോലും വയ്ക്കാൻ പറ്റാത്ത സ്ഥലമാണ് കുന്നങ്കോട്. കൊലയാളി സംഘത്തിന് ബിജെപിയുമായോ, ആര്‍എസ്എസുമായോ ഒരു ബന്ധവും ഇല്ലെന്നും ബിജെപി സംസ്ഥാന സെക്രട്ടറി.

പാലക്കാട്: പാലക്കാട് കൊലപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍റെ കുടുംബത്തിന്‍റെ ആരോപണം തള്ളി ബിജെപി. സിപിഎം ശക്തി കേന്ദ്രത്തിൽ ബിജെപി - ആര്‍എസ്എസുകാർ വീട്ടിൽ പോയി ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിക്കുന്നു. സിപിഎം നേതാക്കളും മലമ്പുഴ എംഎൽഎയും പഠിപ്പിച്ചതാണ് കുടുംബം പറയുന്നത്. ഞങ്ങൾക്ക് ഒരു കൊടി പോലും വയ്ക്കാൻ പറ്റാത്ത സ്ഥലമാണ് കുന്നങ്കോട്. കൊലയാളി സംഘത്തിന് ബിജെപിയുമായോ, ആര്‍എസ്എസുമായോ ഒരു ബന്ധവും ഇല്ലെന്നും സി കൃഷ്ണകുമാർ പറയുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മിന്‍റെ മാഫിയയോ മയക്കുമരുന്ന് സംഘമോ ആണെന്നും അദ്ദേഹം ആരോപിച്ചു.

ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ബിജെപിയാണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിച്ചിരുന്നു. ബിജെപിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലെന്നും ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായും കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പ്രതികൾക്ക് ആര്‍എസ്എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം ലഭിച്ചതായി സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും ആരോപിച്ചിരുന്നു. പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്‍റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് ഷാജഹാൻ രക്ഷപ്പെട്ടതെന്നാണ് സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

Also Read: ഷാജഹാന്‍ കൊലപാതകം: 'പ്രതികൾ സിപിഎമ്മുകാർ തന്നെ,പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും' വി കെ ശ്രീകണ്ഠന്‍ എം പി

അതേസമയം,  ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് ഇ എന്‍ സുരേഷ് ബാബു പറയുന്നു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണെന്നും കഴിഞ്ഞ ഒരു വർഷമായി പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ ആര്‍എസ്എസ് ബിജെപി സജീവ പ്രവര്‍ത്തകരാണെന്നും വ്യാജ പ്രചരാണം നടത്തുന്നത് കൊടുക്രൂരതയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

Also Read: പാലക്കാട് ഷാജഹാന്റെ കൊലപാതകം: രണ്ട് പേര്‍ പിടിയിൽ, അന്വേഷണം ഊർജിതമാക്കി പൊലീസ്

click me!