Asianet News MalayalamAsianet News Malayalam

പാലക്കാട് ഷാജഹാന്റെ കൊലപാതകം: രണ്ട് പേര്‍ പിടിയിൽ, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബവും പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ബിജെപിയാണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിക്കുന്നു

Shahjahan murder: 3rd accused Naveen and 5th accused Siddharthan arrested
Author
First Published Aug 16, 2022, 9:41 AM IST

പാലക്കാട് : പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിൽ. മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്

അതേസമയം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബവും പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ബിജെപിയാണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിക്കുന്നു. ബിജെപിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായും കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

'ഷാജഹാനെ വധിച്ചവര്‍ സിപിഎമ്മുകാരല്ല'; കൊലപാതകത്തിന് ആര്‍എസ്എസ് നേതാക്കളുടെ സഹായം ലഭിച്ചുവെന്ന് സിപിഎം

പാലക്കാട്: പാലക്കാട് കുന്നംകാട് സിപിഎം പ്രവർത്തകർ ഷാജഹാൻ വധക്കേസിലെ പ്രതികളാരും ഒരു കാലത്തും സിപിഎം അംഗങ്ങളായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണ്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമില്ല. ആര്‍എസ്എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചതായും സിപിഎം ജില്ലാ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചില പ്രതികളുടെ കുടുംബം സിപിഎം അനുഭാവികളായിരുന്നു. പ്രതികളുടെ സിപിഎം ബന്ധം ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ബിജെപി പ്രചരിപ്പിക്കുന്ന ദുഷ്ടലാക്കോടെയാണെന്നും സുരേഷ് ബാബു വിമര്‍ശിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ പഴയതാണെന്നും കൊലപാതകത്തിന് ആര്‍എസ്എസിന്‍റെ പ്രധാനപ്പെട്ട നേതാക്കളുടെ സഹായം പ്രതികൾക്ക് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. പത്ത് ദിവസം മുമ്പ് പ്രതികൾ ഷാജഹാന്‍റെ വീട്ടിലെത്തിയിരുന്നു. അന്ന് വീട്ടിൽ ഇല്ലാത്തതിനാൽ മാത്രമാണ് ഷാജഹാൻ രക്ഷപ്പെട്ടതെന്നും സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  പ്രതികള്‍ ആര്‍എസ്എസ് ബിജെപി സജീവ പ്രവര്‍ത്തകരെന്നും വ്യാജ പ്രചരാണം നടത്തുന്നത് കൊടുക്രൂരതയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.


 

Follow Us:
Download App:
  • android
  • ios