ഷാജഹാന്‍ വധം: 'കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുന്നു', മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്‍പി

By Web TeamFirst Published Aug 16, 2022, 12:28 PM IST
Highlights

 കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്നും എസ്‍പി പറഞ്ഞു.

പാലക്കാട്: പാലക്കാട് കൊലപാതക കേസിലെ മൂന്നാം പ്രതി നവീന്‍, അഞ്ചാം പ്രതി സിദ്ധാർത്ഥ് എന്നിവര്‍ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്‍പി. ഇരുവരെയും ചോദ്യം ചെയ്യുകയാണ്. മറ്റ് പ്രതികള്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്നും എസ്‍പി പറഞ്ഞു.

രാത്രി ഏറെ വൈകിയാണ് നവീനും സിദ്ധാർത്ഥനും പൊലീസ് പിടിയിലാക്കുന്നത്. നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർത്ഥന പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ പാലക്കാട് സാത്ത് സ്റ്റേഷനിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഷാജഹാനെ കൊലപ്പെടുത്താൻ സംഘത്തിന് ആയുധങ്ങൾ എത്തിച്ചത് നവീനെന്ന് വ്യക്തമായി. നവീനും ഷാജഹാനും തമ്മിൽ ഏറെ നാളായി മോശം ബന്ധമായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലാത്ത ചിലരെക്കൂടി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

ശബരീഷ്, അനീഷ്, ശിവരാജൻ , സജീഷ്, സുജീഷ്, വിഷ്ണു എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെ കുറിച്ച് പൊലീസിന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്.  ഷാജഹാനെ ആദ്യം വെട്ടിയത് ശബരീഷെന്ന് കണ്ടെത്തി. ഷാജഹാൻ ഓടി രക്ഷപ്പെടാതിരിക്കാൻ കാലിലാണ് വെട്ടിയത്. ശബരീഷും അനീഷും ചേർന്ന് വെട്ടുമ്പോൾ മറ്റുള്ളർ ഷാജഹാന് ചുറ്റും ആയുധങ്ങളുമായി നിൽക്കുകയായിരുന്നു.

അതേസമയം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബം പറഞ്ഞു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ബിജെപിയാണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിക്കുന്നു. ബിജെപിയുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ല. ഒരു വർഷമായി ഷാജഹാനും പ്രതികളും തമ്മിൽ പ്രശ്നമുണ്ടായിരുന്നതായും കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

click me!