പാലാരിവട്ടം പാലം അഴിമതിക്കേസ്: കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ്

By Web TeamFirst Published Sep 18, 2019, 1:44 PM IST
Highlights

പാലാരിവട്ടം പാലം അഴിമതിയിൽ  കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരെ  സഹായിച്ചത് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകു‌ഞ്ഞാണെന്ന് റിമാൻ‍‍ഡിൽ കഴിയുന്ന ടിഒ സൂരജ് ഇന്നലെ  കോടതിയില്‍ പറഞ്ഞിരുന്നു. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ  കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരെ  സഹായിച്ചത് മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകു‌ഞ്ഞാണെന്ന് റിമാൻ‍‍ഡിൽ കഴിയുന്ന ടിഒ സൂരജ് ഇന്നലെ  കോടതിയില്‍ പറഞ്ഞിരുന്നു.  പാലാരിവട്ടം പാലം അഴിമതിയിൽ നേരത്തെ അറസ്റ്റിലായ ടിഒ സൂരജ് അടക്കമുളളവർ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. 

പാലത്തിന്‍റെ ബലക്ഷയത്തിന് ആരാണ് ഉത്തരവാദികളെന്ന്  കോടതി ചോദിച്ചു.  ആരാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. പൊതുജനത്തിന്‍റെ ജീവന്  ഭീഷണിയാകും വിധത്തിലാണ് പാലം നിർമിച്ചതെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. കേസിൽ ഇനിയും അറസ്റ്റുണ്ടാകും. ഉദ്യോഗസ്ഥനടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യാനുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരികയായെണെന്നും  വിജിലൻസ് അറിയിച്ചു. 

എന്നാൽ നടപടികളിൽ താനൊരു ഉപകരണം മാത്രമായിരുന്നെന്നും സർക്കാർ ഫയലുകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും  മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിന്‍റെ അഭിഭാഷകൻ അറിയിച്ചു. സൂരജടക്കം റിമാൻഡിൽ കഴിയുന്ന പ്രതികളുടെ അഴിമതിയിലെ പങ്കാളിത്തവും നിലവിലെ അന്വേഷണ പുരോഗതിയും അറിയിക്കാനും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.  ജാമ്യാപേക്ഷകൾ ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

'ഉദ്യോഗസ്ഥന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ല, ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്‍റെ പക്കലെത്തിയത്'

പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് തനിക്കെതിരായ ആരോപണങ്ങളോട് പ്രതികരിക്കാതെ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒരു ഉദ്യോഗസ്ഥന്‍റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ല. ഫയല്‍ ഏറ്റവും ഒടുവില്‍ മാത്രമാണ് തന്‍റെ പക്കലെത്തിയത്. താന്‍ പ്രതിക്കൂട്ടിലാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

സാങ്കേതിക പിഴവ് മാത്രമാണ് പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചത്. മന്ത്രി സാങ്കേതിക വിദ്ധനല്ല.ഫയൽ അവസാനമാണ് മന്ത്രി കാണുന്നത്. അക്കാര്യം വ്യക്തമാകാന്‍ സെക്രട്ടേറിയറ്റ് മാനുവൽ പരിശോധിച്ചാൽ മതി. തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയമില്ല. ഭയമുള്ളതുകൊണ്ടല്ല താന്‍ എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്നതെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ഇബ്രാഹിം കുഞ്ഞിനെതിരെ വെറും ആരോപണം മാത്രമാണുള്ളത്. അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നണി പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

click me!