
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കൈ കഴുകി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. സർക്കാർ നയം അനുസരിച്ചുള്ള ഫയൽ മാത്രമെ കണ്ടിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. കരാർ കമ്പനിക്ക് നേരിട്ട് തുക നൽകാനുള്ള ഒരു ഫയലും കണ്ടിട്ടില്ലെന്നും വിജിലൻസ് റിമാൻഡ് റിപ്പോർട്ട് വായിച്ചാൽ ഇത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പരസ്യ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി.
കേസില്‍ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം കഴിഞ്ഞ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി.
അതേസമയം, പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥരെ ഇന്നലെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്കെതിരെ വിജിലൻസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചു. പാലം നിർമ്മിച്ച ആർ ഡി എസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുന്‍ എജിഎം എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതു മരാമത്തെ സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതൽ നാലുവരെ പ്രതികളാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുമ്പെയാണ് മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിൽ വിള്ളലുകൾ സംഭവിച്ചത്. പാലത്തിലെ ടാറിളകി റോഡും തകർന്ന നിലയിലായിരുന്നു. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam