
പാലക്കാട്: പാലക്കാട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി എസ്‌ഡിപിഐ. പാർട്ടിയുടെ മൂന്ന് സംസ്ഥാന സെക്രട്ടറിമാർ പാലക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പൊലീസിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചത്.
സുബൈർ വധക്കേസിൽ ആർ എസ് എസിന് വേണ്ടി പൊലീസ് തിരക്കഥ എഴുതുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സുബൈർ വധക്കേസിൽ പൊലീസ് അനാസ്ഥ തുടരുകയാണ്. ആർ എസ് എസിനെ പൊലീസ് പിടിക്കില്ല എന്ന് ഉറപ്പുള്ളതിനാലാണ് ആലപ്പുഴയിൽ ഇന്നലെ ആയുധവുമായി ആർ എസ് എസുകാരെത്തിയതെന്നും എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെകെ അബ്ദുൾ ജബ്ബാർ, പി ആർ സിയാദ്, കൃഷ്ണൻ എരഞ്ഞിക്കൽ എന്നിവർ ആരോപിച്ചു.
സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച നാല് വാളുകളാണ് പൊലീസ് കണ്ടെത്തിയത്. എന്നിട്ടും മൂന്ന് പ്രതികളെ മാത്രമാണ് പിടികൂടിയത്. കേസിൽ ഗൂഢാലോചനയെ കുറിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ല. അതേസമയം പൊലീസ് എസ് ഡി പി ഐ വിരുദ്ധ ക്യാമ്പയിൻ നടത്തുകയാണെന്നും പൊലീസിന്റെ ഇരട്ട നീതിക്കെതിരെ കേരളത്തിലെമ്പാടും പ്രതിഷേധം നടത്തുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.